കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ പള്ളികളിലെ സംഭാവന ശേഖരണം, തറാവീഹ് നമസ്കാരങ്ങൾ, ഇഫ്താർ വിരുന്നുകൾ എന്നിവയിൽ ഇസ്ലാമിക കാര്യ മന്ത്രാലയം പള്ളി വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. അഞ്ചു നേരത്തെ നമസ്കാര സമയത്തും, തറാവീഹ്, ഖിയാം നമസ്കാര സമയത്തും പള്ളികൾക്ക് പുറത്തുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഇസ്ലാമിക കാര്യ മന്ത്രാലയം അധികാരപ്പെടുത്തിയ കക്ഷികൾ ഒഴികെ ആർക്കും പള്ളികൾക്കുള്ളിൽ പണമായോ ഇലക്ട്രോണിക് മാർഗങ്ങളിലൂടെയോ സംഭാവനകൾ ശേഖരിക്കാൻ പാടില്ല. ചാരിറ്റബിൾ സംഘടനകളിലെ ജീവനക്കാരുടെ ഐഡന്റിറ്റിയും യോഗ്യതപത്രങ്ങളും പരിശോധിച്ചുറപ്പിച്ചാണ് അംഗീകാരം നൽകുക. അംഗീകൃത ചാരിറ്റബിൾ സംഘടനകളുടെ പട്ടിക ഉടൻ പ്രഖ്യാപിക്കും.
ഇഫ്താർ വിരുന്നുകൾ
പള്ളിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പള്ളി ഇമാമുമായി ഏകോപിപ്പിച്ച് അനുമതിക്കായി ഭരണകൂടത്തിന് അപേക്ഷ സമപ്പിക്കണം. പള്ളി അങ്കണങ്ങളിൽ തന്നെ ഇഫ്താർ വിരുന്നുകൾ നടത്തണം.
പ്രാർഥനക്ക് വിളിക്കുന്നതിന് അര മണിക്കൂർ മുമ്പ് ഭക്ഷണം ഒരുക്കിവെക്കുകയും ഇഫ്താർ സമയത്തിന് ശേഷം ഭക്ഷണം നീക്കം ചെയ്യുകയും വേണം. പള്ളി ഇമാമിന്റെ മേൽനോട്ടത്തിൽ, ഇഫ്താർ പദ്ധതിയുടെ സംഘാടകർക്കാണ് ഇഫ്താർ ഭക്ഷണം സംഘടിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം. ഭരണകൂടത്തിന്റെ അറിവോ അംഗീകാരമോ ഇല്ലാതെ പള്ളിയുടെ അതിർത്തിക്കുള്ളിൽ റമദാൻ കൂടാരങ്ങൾ, വേലികൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഘടനകൾ എന്നിവ നിർമിക്കുന്നത് നിരോധിച്ചിരിക്കുന്നു. പള്ളിയുടെ മതിലുകളോട് ചേർന്ന് സ്ഥാപിക്കുന്ന റമദാൻ ടെന്റുകളുമായി പള്ളിയുടെ വൈദ്യുതി ബന്ധിപ്പിക്കരുത്.
ചട്ടങ്ങൾ പാലിക്കണം
പള്ളി ചട്ടങ്ങൾ കർശനമായി പാലിക്കണം. മുൻകൂട്ടി അനുമതി ഇല്ലാതെ പള്ളിയിൽ നിർമാണം, പ്രധാന അറ്റകുറ്റപ്പണികൾ ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ ഒരു ജോലിയും നടത്താൻ അനുവാദമില്ല. അനധികൃത ടെക്നീഷ്യൻമാർക്കോ തൊഴിലാളികൾക്കോ പള്ളികൾക്കുള്ളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽനിന്ന് വിലക്കുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾ സംബന്ധിച്ച റിപ്പോർട്ടുകൾ പള്ളി വകുപ്പ് വഴി സമർപ്പിക്കണം.
പള്ളി കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും പള്ളികളുടെയും വിശ്വാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. പള്ളി ഇമാമുകൾ, മതപ്രഭാഷകർ, മുഅ്ദ്ദിനുകൾ എന്നിവർ നിർദേശങ്ങൾ പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.