ശനിയാഴ്ച പുലർെച്ച രാജ്യത്ത് ദൃശ്യമായ മൂടൽമഞ്ഞ്
കുവൈത്ത് സിറ്റി: രാജ്യത്തിപ്പോൾ മഞ്ഞുകാലമാണ്. പ്രഭാതങ്ങളെയും വൈകുന്നേരങ്ങളെയും കുളിരണിയിച്ച് കുവൈത്തിലെ ആകാശത്തിനുകീഴെ അവ ഒഴുകിനടക്കുന്നു. കെട്ടിട മേലാപ്പിൽ, മരങ്ങളിൽ, നീർത്തുള്ളികളായി നനച്ചുപോകുന്ന മഞ്ഞ് പ്രഭാതങ്ങൾക്ക് വെളുത്ത നിറം നൽകുന്നു. ആകാശത്തിന് താഴെ തൂവെള്ള വിരിപ്പിട്ടതുപോലുള്ള മഞ്ഞ് കണികണ്ടുണരുന്ന ദിവസങ്ങൾ. സൂര്യനെത്തുന്നതോടെ മഞ്ഞ് കാണാതാവുമെങ്കിലും താപനില കുറവായതിനാൽ, വൈകീട്ടുമുതൽ പലയിടങ്ങളിലും മൂടൽമഞ്ഞ് തിരികെയെത്തുന്നുണ്ട്.
മഞ്ഞിൽ പുതച്ച ഇന്ത്യൻ എംബസി
രാത്രി ആകാശവും ഭൂമിയും മഞ്ഞിന്റെ തണുപ്പാർന്ന സാനിധ്യത്തിനകത്താകുന്നു. ശനിയാഴ്ച പ്രഭാതത്തിൽ കനത്ത മൂടൽ മഞ്ഞാണ് രാജ്യത്ത് ദൃശ്യമായത്. മൂടൽമഞ്ഞ് കാരണം ദൃശ്യപരത മങ്ങുകയും റോഡുകൾ ഉൾപ്പെടെ ഭൂമിയെ ഈർപ്പമുള്ളതാക്കുകയും ചെയ്തു. ഭൂമിയിൽനിന്ന് ഏറെ ഉയരത്തിലല്ലാതെ ഒഴുകിനടന്ന മഞ്ഞ് ആകാശത്തെ മായ്ച്ചു. താഴ്ന്ന പ്രദേശങ്ങളും കെട്ടിടങ്ങളും മഞ്ഞിൽ മൂടി. വെളുത്ത പഞ്ഞിക്കെട്ടുപോലുള്ള മൂടൽ മഞ്ഞിനിടയിൽ തലയുയർത്തി നിൽക്കുന്ന വലിയ കെട്ടിടങ്ങൾ സുന്ദരമായ കാഴ്ചയായി. അപൂർവമായ കാഴ്ച പലരും കാമറയിൽ പകർത്തി.
കുവൈത്തിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ മഞ്ഞിൽ കുളിച്ചുനിൽക്കുന്ന എംബസിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. മറ്റു പ്രധാന മാധ്യമങ്ങളിലും മഞ്ഞുചിത്രങ്ങൾ നിറഞ്ഞു നിന്നു. അതേസമയം, മൂടൽമഞ്ഞുകാരണം ചില പ്രദേശങ്ങളിൽ, കാഴ്ച കുറയുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. വാഹനങ്ങൾ ഓടിക്കുന്നവരോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടു. അടിയന്തര സഹായങ്ങൾക്ക് 112ൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.