കുവൈത്ത് സിറ്റി: പരിസ്ഥിതി നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷയെന്നു കുവൈത്ത് പരിസ്ഥിതി സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. കടൽത്തീരങ്ങളിൽ ശീശ പുകച്ചാൽ അമ്പതു ദീനാർ പിഴ ഈടാക്കും. കടലോരങ്ങളിൽ മാലിന്യം നിക്ഷേപിച്ചാൽ 10,000 ദീനാർ പിഴ നൽകേണ്ടിവരുമെന്നും മുന്നറിയിപ്പ്. ബീച്ചുകളിലും പൊതുപാർക്കുകളിലും ശവ്വായ നിർമാണം വിലക്കി കഴിഞ്ഞ ആഴ്ച പരിസ്ഥിതി സംരക്ഷണ അതോറിറ്റി ഉത്തരവിറക്കിയിരുന്നു. ഉത്തരവ് നടപ്പാക്കപ്പെടുന്നുണ്ടോ എന്നുറപ്പാക്കാൻ നിരീക്ഷണം ഊർജിതമാക്കാനാണ് അധികൃതരുടെ തീരുമാനം. സംരക്ഷണ അതോറിറ്റി, പരിസ്ഥിതി പൊലീസ്, മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് നിരീക്ഷണത്തിന് നേതൃത്വം നൽകുക.
ഭക്ഷണാവശിഷ്ടങ്ങളും മറ്റും അലക്ഷ്യമായി ഉപേക്ഷിക്കൽ, നിരോധിത സ്ഥലങ്ങളിൽ മാംസം ചുടൽ എന്നീ നിയമലംഘനങ്ങൾക്ക് 5000 ദീനാർ മുതൽ 10,000 ദീനാർ വരെ പിഴ ഈടാക്കാൻ പരിസ്ഥിതി സംരക്ഷണനിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പൊതു ഇടങ്ങളിൽ ശീശ ഉപയോഗിക്കുന്നതും നിയമലംഘനമാണ്. 50 ദീനാർ മുതലാണ് ശീശ ഉപയോഗത്തിനുള്ള പിഴ. ഇതിനുപുറമെ, പൊതുസ്ഥലങ്ങളിലെ പുകവലി നിരോധന നിയമം ലംഘിക്കുന്നതിനുള്ള ശിക്ഷയുമുണ്ടാകും. അതിനിടെ, പൊതുപാർക്കുകളിൽ ബാർബി ക്യൂ നിരോധിച്ചത് പരിസരവാസികളിൽനിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണെന്ന് മത്സ്യവികസന അതോറിറ്റി മേധാവി ഫൈസൽ അൽ ഹസാവി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.