കുവൈത്ത് സിറ്റി: സാമ്പത്തിക മേഖലയിൽ പുത്തനുണർവുകൾ ലക്ഷ്യമിട്ട് വിദേശികളുടെ സന്ദർശന വിസാ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ ആഭ്യന്തരമന്ത്രാലയത്തിന് പദ്ധതിയുള്ളതായി റിപ്പോർട്ട്. നിലവിലെ നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച കരട് രൂപരേഖ ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് ഫത്വ ബോർഡിന് കൈമാറിയതായാണ് റിപ്പോർട്ട്.
അൽറായി പത്രവുമായുള്ള അഭിമുഖത്തിൽ താമസകാര്യ വകുപ്പ് മേധാവി മേജർ ജനറൽ തലാൽ മഅ്റഫിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ബിസിനസ് മേഖലയിലുള്ളവർക്ക് ഒരു വർഷംവരെ കാലപരിധിയുള്ള മൾട്ടി എൻട്രി സന്ദർശക വിസ അനുവദിക്കുമെന്നതാണ് ഇതിലെ പ്രധാന ഭേദഗതി. ഇതുപയോഗിച്ച് ഒരുവർഷത്തിനിടെ നിരവധി തവണ കുവൈത്തിലേക്കും തിരിച്ചും യാത്രചെയ്യാം. ഇതിലൂടെ രാജ്യത്തെ സാമ്പത്തിക, വാണിജ്യ മേഖലകളിൽ വൻതോതിൽ ഗുണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കുവൈത്തിലെ സ്വകാര്യ സർവകലാശാലകളിൽ വിദേശ വിദ്യാർഥികൾക്ക് ഉന്നത പഠനം നടത്തുന്നതിന് പ്രവേശന വിസ അനുവദിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം.
പഠനത്തിന് ശേഷം വിദ്യാർഥികൾക്ക് ഈ വിസയിൽനിന്നുകൊണ്ട് തന്നെ രാജ്യത്തെ സ്വകാര്യമേഖലയിലെ തൊഴിലിടങ്ങളിലേക്ക് വിസ മാറ്റാൻ സാധിക്കും. വിദേശ വിദ്യാർഥികളെ ആകർഷിക്കുന്നതോടൊപ്പം അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താമെന്ന കാഴ്ചപ്പാടും ഇതിന് പിന്നിലുണ്ട്. കുവൈത്തിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ ഉദ്ദേശിച്ചുവരുന്ന വിദേശ രോഗികൾക്ക് പ്രത്യേക മെഡിക്കൽ വിസ അനുവദിക്കും. ഇക്കാര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ഉടമ്പടികളിലെത്തും. രോഗം മാറുന്നതുവരെ എന്ന കാലപരിധിയായിരിക്കും ഈ വിസക്കുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.