കുവൈത്ത് സിറ്റി: ചൈനീസ് സൈബർ കുറ്റവാളികൾക്ക് വിസ അനുവദിച്ചതിന് കുവൈത്തിയെയും ഈജിപ്ഷ്യൻ പ്രവാസിയെയും അറസ്റ്റ് ചെയ്തു. വാണിജ്യ വിസയിലാണ് പ്രതികൾ കുവൈത്തിലെത്തിയത്. വിസ നൽകിയ കമ്പനി അറസ്റ്റിലായ കുവൈത്തിയുടെ ഉടമസ്ഥതയിലുള്ളതാണ്.
ഈജിപ്ത് പൗരനെ രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. 100 ദീനാറിനാണ് ചൈനീസ് പ്രതികൾക്ക് വാണിജ്യ വിസ നൽകിയതെന്ന് പ്രതികൾ സമ്മതിച്ചു. അറസ്റ്റിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. അത്യാധുനിക ടെലികമ്യൂണിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം അപഹരിക്കുന്ന രാജ്യാന്തര ചൈനീസ് സംഘത്തെയാണ് സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ദിവസം പിടികൂടിയത്.
ബാങ്ക്, ടെലികോം കമ്പനികളുടെ നെറ്റ് വർക്കിൽ നുഴഞ്ഞുകയറി ഉപഭോക്താക്കൾക്ക് വ്യാജ സന്ദേശങ്ങൾ അയച്ച് ബാങ്ക് അക്കൗണ്ടുകളിൽ കടന്ന് പണം അപഹരിക്കുന്നതായിരുന്നു ഇവരുടെ രീതി. ടെലികോം കമ്പനികളും ബാങ്കുകളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ഫർവാനിയയിൽനിന്ന് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറിനുള്ളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും തട്ടിപ്പിന് ഉപയോഗിച്ച ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.