കർദിനാൾ പിയട്രോ പരോളിനെ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: വത്തിക്കാനിലെ കത്തോലിക്ക സഭയുടെ ഉന്നത നയതന്ത്ര പ്രതിനിധി കർദിനാൾ പിയട്രോ പരോളിൻ കുവൈത്തിലെത്തി. കുവൈത്ത് വിമാനത്താവളത്തിൽ പിയട്രോ പരോളിനെയും സംഘത്തെയും വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ സ്വീകരിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹുമായി കർദിനാൾ പിയട്രോ പരോളിൻ കൂടികാഴ്ച നടത്തി. പൊതു താൽപര്യമുള്ള വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സഹകരണ മേഖലകളും അവലോകനം ചെയ്തു. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും കർദിനാളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി.
അഹ്മദിയിലെ ഔർ ലേഡി ഓഫ് അറേബ്യ പള്ളിയെ ‘മൈനർ ബസിലിക്ക’ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങുകളുടെ ഭാഗമായാണ് കർദിനാൾ പിയട്രോ പരോളിന്റെ സന്ദർശനം. ‘മൈനർ ബസിലിക്ക’ പ്രഖ്യാപനത്തിന്റെ ഔദ്യോഗിക ചടങ്ങ് വെള്ളിയാഴ്ച പള്ളിയിൽ നടക്കും. ചടങ്ങിൽ കർദിനാൾ പരോളിൻ അധ്യക്ഷത വഹിക്കും. അറേബ്യൻ ഉപദ്വീപിൽ ‘മൈനർ ബസിലിക്ക’ പദവി ലഭിക്കുന്ന ആദ്യത്തെ പള്ളിയാണ് ഔർ ലേഡി ഓഫ് അറേബ്യ. മൂന്ന് ദിവസത്തെ കുവൈത്ത് സന്ദർശനത്തിനിടെ കർദിനാൾ പിയട്രോ പരോളിൻ കുവൈത്തിന്റെ രാഷ്ട്രീയ നേതൃത്വവുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കുവൈത്തും വത്തിക്കാനും തമ്മിലുള്ള സഹകരണം പരസ്പര താൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ചകളിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.