കുവൈത്ത് സിറ്റി: രാജ്യത്ത് അസ്ഥിരമായ കാലാവസഥ തുടരുന്നു. ചൊവ്വാഴ്ച രാത്രി മുതൽ പൊടിപടലങ്ങൾ നിറഞ്ഞ നിലയിലാണ് അന്തരീക്ഷം. ബുധനാഴ്ചയും സമാന നില തുടർന്നു. അന്തീക്ഷത്തിൽ നിറഞ്ഞ പൊടിപടലങ്ങൾ ജനങ്ങൾക്ക് പ്രയാസമുണ്ടാക്കി. ഇതോടെ ജനങ്ങൾ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങിയത്. തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത കുറയുന്നതിനും പൊടിപടലം കാരണമായി.
തിങ്കളാഴ്ച മുതൽ രാജ്യത്ത് ന്യൂനമർദം ബാധിച്ചതായും ഇതിനാൽ വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ന്യൂനമർദ്ദം താരതമ്യേന ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു കൊണ്ടുവരുകയും, താഴ്ന്നതും ഇടത്തരവുമായ മേഘങ്ങളുടെ വർധന സൃഷ്ടിക്കുകയും ചെയ്യും.
രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. മഴക്കൊപ്പം പൊടിപടലങ്ങൾ ഉയർത്തുന്ന കാറ്റും ഉണ്ടാകാം. ഇത് ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരതയെ 1,000 മീറ്ററിൽ താഴെയായി കുറക്കും.
ഇടക്കിടെയുള്ള മഴയും പൊടിക്കാറ്റും ഉൾപ്പെടെയുള്ള അസ്ഥിരമായ കാലാവസ്ഥ അടുത്ത ആഴ്ച ആദ്യം വരെ തുടരുമെന്നും പ്രതീക്ഷിക്കുന്നു.
പെട്ടെന്നുള്ളതും പ്രവചനാതീതവുമായ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് പേരുകേട്ട ‘സരയാത്ത്’ ഘട്ടത്തിലാണ് രാജ്യത്തെ കാലാവസഥ. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ പിന്തുടർന്ന് പുതിയ വിവരങ്ങൾ അറിയാനും ധരാർ അൽ അലി ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.