കുവൈത്ത് സിറ്റി: ‘ഫോൺ രഹിത ഡ്രൈവിങ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഏകീകൃത ഗൾഫ് ട്രാഫിക് വീക്കിന് സമാപനം. ആഭ്യന്തര മന്ത്രാലയം ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് വഴി സംഘടിപ്പിച്ച പരിപാടിയിൽ പൗരന്മാരിൽനിന്നും പ്രവാസികളിൽ നിന്നും മികച്ച പങ്കാളിത്തമുണ്ടായി.
പദ്ധതിയുടെ ഭാഗമായി 10, 11 തീയതികളിൽ ഖൈറാൻ മാളിൽ ബോധവത്കരണ പ്രദർശനങ്ങൾ നടന്നു.ഈ ദിവസങ്ങളിൽ 5,767 ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കുകയും 50 വാഹനങ്ങളും 25 മോട്ടോർ സൈക്കിളുകളും വിട്ടയക്കുകയും ചെയ്തു.
ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ അവന്യൂസ് മാളിൽ നടന്ന പ്രദർശനത്തിൽ 18,463 ബ്ലോക്കുകൾ നീക്കം ചെയ്യുകയും 113 വാഹനങ്ങളും 62 മോട്ടോർ സൈക്കിളുകളും പുറത്തിറക്കുകയും ചെയ്തു.
‘ഫോൺ ഇല്ലാതെ വാഹനമോടിക്കുക’ എന്ന ഈ വർഷത്തെ പ്രമേയം ഗതാഗത സുരക്ഷക്ക് മുൻഗണന നൽകുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് ഏകീകൃത ഗൾഫ് ട്രാഫിക് വാര പ്രവർത്തന സമിതി ചെയർമാൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദൈദാൻ അൽ അജ്മി പറഞ്ഞു.
വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് വാഹനമോടിക്കുമ്പോഴുള്ള ഫോൺ ഉപയോഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ അപകടത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനുള്ള കാമ്പയിനുകളുടെയും ഫീൽഡ് പ്രോഗ്രാമുകളുടെയും പ്രാധാന്യവും സൂചിപ്പിച്ചു.
ഗതാഗത നിയമങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അപകടങ്ങൾ കുറക്കുന്നതിനും ഗതാഗത സുരക്ഷാ സംസ്കാരം വളർത്തിയെടുക്കുന്നതിന് ശ്രമങ്ങൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഗൾഫ് ട്രാഫിക് വീക്കിലെ പൊതുജനങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തെ ആഭ്യന്തര മന്ത്രാലയം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.