മനുഷ്യൻ വെറും ജൈവ ശരീരം മാത്രമല്ല. അഭിമാനം, അന്തസ്സ്, ചിന്താ ശേഷി, ആത്മീയ-ഭൗതിക പ്രത്യേകതകൾ എല്ലാം ഉള്ള സൃഷ്ടിയാണ് മനുഷ്യൻ. കരയിലും കടലിലും സഞ്ചരിക്കാനും ഏറ്റവും വിശിഷ്ടമായ വിഭവങ്ങൾ കണ്ടെത്താനും മറ്റേതൊരു ജീവിയെക്കാളും ശ്രേഷ്ഠനായി ജീവിക്കാനും അവന് സാധിക്കുന്നു. അറിവുകൾ കരസ്ഥമാക്കാനും ബുദ്ധിയും ചിന്തയും ഉപയോഗിച്ച് ഗവേഷണങ്ങളും അന്വേഷണങ്ങളും നടത്തുവാനും ശാസ്ത്ര-സാങ്കേതിക പുരോഗതി കൈവരിക്കാനും പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുവാനും സാധിക്കുന്ന അപാര ശേഷികളുള്ള സൃഷ്ടിയാണ് മനുഷ്യൻ.
പരിശുദ്ധ ഖുർആനിലെ ഒരു ദിവ്യവചനം ഇപ്രകാരം പറയുന്നു: “നിശ്ചയമായും നാം ആദമിന്റെ സന്തതികളെ ആദരിച്ചിരിക്കുന്നു”. ഖുർആനിന്റെ ലോകവീക്ഷണമനുസരിച്ച് ലോകത്തുള്ള എല്ലാ മനുഷ്യരും ആദരിക്കപ്പെടേണ്ടവരാണ്. കാരണം, അത് സ്രഷ്ടാവിൽനിന്ന് ജന്മന മനുഷ്യന് ലഭിച്ചിട്ടുള്ളതാണ്. മത, ജാതി, ദേശ, ഭാഷാ, ലിംഗ, വർണ വ്യത്യാസങ്ങൾ കൊണ്ട് കുറയുകയോ കൂടുകയോ ചെയ്യുന്നതല്ല അത്. ഖുർആനിക കാഴ്ചപ്പാടിൽ മനുഷ്യൻ ഭൂമിയിൽ സ്രഷ്ടാവിന്റെ പ്രതിനിധിയാണ്.
ഈ സ്ഥാനം വലിയ ഉത്തരവാദിത്തങ്ങളെയും ഉയർന്ന സ്ഥാനത്തെയും സൂചിപ്പിക്കുന്നു. മനുഷ്യൻ പ്രകൃതിയുടെ അടിമയല്ല; മറിച്ച് ഉത്തരവാദിത്തത്തോടെ അതിൽ കൈകാര്യം ചെയ്യേണ്ടവനാണ് എന്നതാണ് ഖുർആൻ പ്രസ്താവിക്കുന്നത്.
മനുഷ്യന്റെ അന്തസ്സിനെ ഹനിക്കുന്നതോ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതോ ആയ കുറ്റകൃത്യങ്ങളെ ഖുർആൻ എതിർക്കുന്നു. സ്വയം അന്തസ്സോടെ ജീവിക്കാനും മറ്റുള്ളവരെ ആദരിക്കാനും കഴിയുന്ന മനുഷ്യരുള്ള ലോകം എത്ര മനോഹരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.