കുവൈത്ത് സിറ്റി: വിശുദ്ധ റമദാന് മൂന്നാഴ്ച മാത്രം ബാക്കിയിരിക്കെ സാമൂഹികക്ഷേമ-തൊഴിൽകാര്യമന്ത്രാലയം രാജ്യത്ത് ഉദാരമതികളിൽനിന്ന് പണം പിരിക്കുന്നതിനുള്ള നിബന്ധനകൾ പുറത്തിറക്കി.
സന്നദ്ധ സംഘടന ഓഫിസിലായാലും പൊതു ഇടങ്ങളിലായാലും ആളുകളിൽനിന്ന് പണം നേരിട്ട് സ്വീകരിക്കരുതെന്നാണ് പ്രധാന നിർദേശം. കെ.നെറ്റ് വഴിയോ മറ്റ് ഓൺലൈൻ മണി ട്രാൻസ്ഫർ രീതികളിലൂടെയോ ബാങ്ക് ഇടപാട് വഴിയോ മാത്രമേ പണം സ്വീകരിക്കാൻ പാടുള്ളൂ.
സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ പിരിവ് നടത്താൻ പാടില്ല. ഏതൊക്കെ സ്ഥലത്ത് കിയോസ്ക് സ്ഥാപിച്ച് പണം സ്വീകരിക്കാമെന്നത് സംബന്ധിച്ച് അംഗീകൃത സംഘടനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പിരിവിന് അംഗീകാരം നൽകിയ സംഘടനകൾ വഴിയല്ലാതെ ധനസമാഹരണം നടത്താൻ പാടില്ല. ധനസമാഹരണത്തിന് അനുമതി ലഭിച്ച സംഘടനകൾ തങ്ങൾ ചുമതലപ്പെടുത്തിയ പ്രതിനിധികളെ സംബന്ധിച്ച വിശദവിവരം മന്ത്രാലയത്തിന് നൽകണം.
ക്രിമിനൽ പശ്ചാത്തലമില്ലെന്ന് സാക്ഷ്യപത്രം സഹിതമാണ് പട്ടിക നൽകേണ്ടത്. അംഗീകാരമുള്ള പ്രതിനിധികൾ പള്ളികളിലും മറ്റും ധനസമാഹരണത്തിലേർപ്പെടുമ്പോൾ മന്ത്രാലയം നൽകിയ പ്രത്യേക കാർഡ് കഴുത്തിൽ തൂക്കിയിടണം.
അനുമതി നേടാതെ ഷോപ്പിങ് കോംപ്ലക്സുകൾ പോലുള്ള പൊതു സ്ഥലങ്ങളിൽ ധനസമാഹരണം നടത്താൻ പാടില്ല. ആരാധനകൾക്ക് തടസ്സമുണ്ടാകുന്ന തരത്തിൽ പള്ളി ചുമരുകളിലും മറ്റും സ്ഥിരമായി ബാനറുകൾ സ്ഥാപിക്കാൻ പാടില്ല. റമദാൻ കഴിഞ്ഞയുടനെ സംഘടനകൾ ധനസമാഹരണം സംബന്ധിച്ച കൃത്യമായ വിവരം ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണം. സമാഹരിച്ച തുക സന്നദ്ധ സേവനങ്ങൾക്കുവേണ്ടിയാണ് ചെലവഴിച്ചതെന്ന രേഖയും മന്ത്രാലയത്തിന് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.