യു.എൻ വിമൻ എക്സിക്യൂട്ടിവ് ഡയറക്ടർ സിമ ബഹൂസിനൊപ്പം മന്ത്രി മായ് അൽ ബഗ്ലി
കുവൈത്ത് സിറ്റി: വിവിധ മേഖലകളിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള കുവൈത്ത് ഭരണകൂടത്തിന്റെ ശ്രമങ്ങളെ യു.എൻ വിമൻ എക്സിക്യൂട്ടിവ് ഡയറക്ടർ സിമ ബഹൂസ് അഭിനന്ദിച്ചു. കുവൈത്ത് സാമൂഹിക വികസന, വനിത-ശിശുകാര്യ മന്ത്രിയുമായ മായ് അൽ ബഗ്ലിയുമായുള്ള കൂടിക്കാഴ്ചക്കിടെ പ്രതികരിക്കുകയായിരുന്നു സിമ ബഹൂസ്.
സ്ത്രീകളുടെ അവസ്ഥ സംബന്ധിച്ച യു.എൻ കമീഷന്റെ 67ാമത് സെഷനിൽ കുവൈത്തിന്റെ ഫലപ്രദമായ പങ്കാളിത്തത്തെയും യു.എൻ ഉദ്യോഗസ്ഥ പ്രശംസിച്ചു. സ്ത്രീ ശാക്തീകരണം, അവകാശ സംരക്ഷണം എന്നീ മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ യോഗത്തിൽ ചർച്ച ചെയ്തതായി മന്ത്രി മായ് അൽ ബഗ്ലി പറഞ്ഞു. സുസ്ഥിര വികസനത്തിലും സമാധാനം കെട്ടിപ്പടുക്കുന്നതിലും സ്ത്രീകളുടെ നിർണായക പങ്കിനൊപ്പം സ്ത്രീകളുടെ പദവി വികസിപ്പിക്കുന്നതിന്റെയും വിവിധ മേഖലകളിൽ അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം വ്യക്തമാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു. പൊതു-സ്വകാര്യ മേഖലകളിലെ കുവൈത്ത് വനിതകളുടെ നേട്ടങ്ങളെക്കുറിച്ചും സംസാരിച്ചതായി അൽ ബഗ്ലി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.