കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ നിന്നുള്ള കറൻസികളുമായി കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ. 10,000 യു.എസ് ഡോളർ, 1467 ദീനാർ, ഏകദേശം 500,000 സിറിയൻ പൗണ്ട് എന്നിവ അറബ് രാജ്യത്ത് നിന്ന് എത്തിയ യാത്രക്കാരനിൽ കണ്ടെത്തി. കസ്റ്റംസ് പരിശോധനക്കിടെയാണ് സോഴ്സ് വ്യക്തമല്ലാത്ത പണം കണ്ടെത്തിയത്. സംഭവത്തിൽ ആവശ്യമായ എല്ലാ നിയമനടപടികളും ഉടനടി സ്വീകരിച്ചതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. യാത്രക്കാരനെയും കണ്ടുകെട്ടിയ പണവും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
യാത്രക്കാർ കൊണ്ടുപോകുന്ന പണത്തിന് ബാധകമായ നിയമം പാലിക്കണമെന്ന് അധികൃതർ ഉണർത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള 2013 ലെ നിയമം നമ്പർ 106 പ്രകാരം 3,000 ദീനാർ കവിയുന്ന പണം യാത്രക്കാർ കൈവശം വെക്കാൻ പാടില്ല.
യാത്രയിൽ കൂടുതൽ കറൻസികൾ കൈവശം വെക്കുന്നത് നിയമത്തിന്റെ ലംഘനമാണെന്നും ഇത്തരം വ്യക്തികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. വിമാനത്താവളം, അതിർത്തി ചെക്പോസ്റ്റുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാണ്. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ യാത്രക്കും നിർദ്ദേശങ്ങളും കസ്റ്റംസ് നടപടിക്രമങ്ങളും പാലിക്കണമെന്നും എല്ലാ യാത്രക്കാരോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.