കുവൈത്ത് സിറ്റി: രാജ്യത്ത് മാധ്യമ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുന്നതിൽ 90 ശതമാനം കുറവുണ്ടായതായി വാർത്ത വിതരണ മന്ത്രാലയം അറിയിച്ചു. “നാഷനൽ മീഡിയ ആസ് ആൻ ആക്ഷൻ സർവിസ് - കുവൈത്ത് വിഷൻ 2035” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
മാധ്യമ രംഗത്ത് കൂടുതൽ ഉത്തരവാദിത്തബോധം പ്രകടമായതായും, കഴിഞ്ഞ വർഷം 96 കേസുകൾ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തപ്പോൾ ഈ വർഷം ഒമ്പതു കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയതായും മീഡിയ റെഗുലേഷൻ ഡയറക്ടർ ലാഫി അൽ സുബൈ പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കും ലൈസൻസില്ലാത്ത ഉൽപന്നങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ നിയമം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ രംഗത്ത് സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നതല്ലെന്നും അൽ സുബൈ വ്യക്തമാക്കി.
എല്ലാ മാധ്യമങ്ങളെയും ഒരു സമഗ്ര നിയമത്തിന്റെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമം പുരോഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.വാർത്തകളുടെ കൃത്യത ഉറപ്പാക്കുകയും ഉത്തരവാദിത്തമുള്ള മാധ്യമ പ്രവർത്തനത്തിന് പ്രാധാന്യം നൽകുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2026-2030 കാലയളവിലേക്കുള്ള സമഗ്ര മാധ്യമ തന്ത്രം വികസിപ്പിക്കാൻ മന്ത്രാലയം പ്രവർത്തിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.