സുപ്രീം ട്രാഫിക് കൗൺസിൽ യോഗം
കുവൈത്ത് സിറ്റി: റോഡുകളിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ സുപ്രീം ട്രാഫിക് കൗൺസിൽ തീരുമാനിച്ചു. ബസ് സൗകര്യം ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കും. വൃത്തിയും ആധുനിക സൗകര്യങ്ങളുമുള്ള കൂടുതൽ ബസുകൾ കുവൈത്ത് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിക്ക് കീഴിൽ ലഭ്യമാക്കും.
പൊതു ഗതാഗത സംവിധാനങ്ങളിലേക്ക് ജനങ്ങളെ കൂടുതൽ അടുപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. കൂടുതൽ യാത്രക്കാരെ ഒരുമിച്ചു കൊണ്ടുപോകുന്ന പൊതുഗതാഗത സംവിധാനത്തിന് പകരം ഓരോരുത്തരും കാറുമായി റോഡിലിറങ്ങുന്നതാണ് തിരക്കിന് കാരണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഒരുകാലത്ത് കുവൈത്ത് പ്രവാസികളുടെ ഏക പൊതുഗതാഗത മാർഗമായിരുന്നു കെ.പി.ടി.സി ബസുകൾ. പിന്നീട് സ്വകാര്യ കമ്പനികൾ ഈ രംഗത്തേക്ക് വന്നതോടെയാണ് കെ.പി.ടി.സിയുടെ പ്രതാപത്തിന് മങ്ങലേറ്റത്.
കെ.പി.ടി.സിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കർമപദ്ധതി തയാറാക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ യോഗത്തിൽ അവലോകനം ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിലൂടെ റോഡപകടങ്ങൾ കുറക്കാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്തു. ലെഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിലാണ് കൗൺസിലിന്റെ 23ാമത് യോഗം ചേർന്നത്.
റോഡ് സുരക്ഷയും സൗകര്യങ്ങളും ഉൾപ്പെടെ മെച്ചപ്പെടുത്തുന്നതിന് സർക്കാറും ജനങ്ങളും ഒരുമിച്ച് ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, വാർത്തവിനിമയ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. പുതിയ ഗതാഗത നിയമ പരിഷ്കാരം പ്രാബല്യത്തിലാകുന്നതിന് മുന്നോടിയായി അടുത്ത മൂന്നുമാസം വ്യാപക ബോധവത്കരണം നടത്തും. സർക്കാർ ജീവനക്കാർക്ക് സായാഹ്ന ഷിഫ്റ്റ് ഏർപ്പെടുത്തിയതിന്റെ കാര്യക്ഷമത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിന് നിർദേശം നൽകിയിട്ടുണ്ട്. രാവിലത്തെയും വൈകുന്നേരത്തെയും റോഡിലെ തിരക്ക് കുറക്കുക കൂടി ലക്ഷ്യമിട്ടാണ് സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.