ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യ-കുവൈത്ത്
പ്രതിനിധികളുടെ ചർച്ച
കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്ത് തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വളർച്ച. 2022 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം രണ്ടു ബില്യൺ യു.എസ് ഡോളർ കവിഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ 2023ൽ ഏഴു ശതമാനം വളർച്ചയുമുണ്ടായി. കുവൈത്തിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2023-24 സാമ്പത്തിക വർഷത്തിൽ 34.78 ശതമാനം ഉയർന്ന് 2.10 ബില്യൺ ഡോളറിലെത്തി. തൊട്ടുമുമ്പുള്ള വർഷം ഇത് 1.56 ബില്യൺ ഡോളറായിരുന്നു.
കുവൈത്തിൽ നടന്ന ഇന്ത്യ-കുവൈത്ത് ബയർ-സെല്ലർ മീറ്റിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട്സ് ഓർഗനൈസേഷൻ (എഫ്.ഐ.ഇ.ഒ) പ്രസിഡന്റ് ഇസ്രാർ അഹമ്മദും ഭക്ഷ്യ-കാർഷിക മേഖലകളിലെ 30 ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികളും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയും കുവൈത്തുമായുള്ള ആഴത്തിലുള്ള സാമ്പത്തിക ബന്ധം കുവൈത്ത് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (കെ.സി.സി.ഐ) വ്യക്തമാക്കി. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കുവൈത്ത് കമ്പനികളുടെയും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യന്റെയും പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ബന്ധം വ്യാപാര പങ്കാളിത്തത്തിനപ്പുറമാണെന്നും ചരിത്രപരമാണെന്ന് ചേംബർ സൂചിപ്പിച്ചു.
ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യവും ഈ മേഖലയിൽ സംഭാവന നൽകുന്ന കുവൈത്ത് കമ്പനികളുടെ പങ്കും ചേംബർ എടുത്തുപറഞ്ഞു. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി എന്ന നിലയിൽ കുവൈത്തിന്റെ പ്രാധാന്യം ഇസ്രാർ അഹ്മദ് ചൂണ്ടിക്കാട്ടി. ബിസിനസിനും ഫലപ്രദമായ പങ്കാളിത്തത്തിനും അനുകൂലമായ അന്തരീക്ഷം ഇന്ത്യൻ സർക്കാർ സൃഷ്ടിക്കുന്നതായും സൂചിപ്പിച്ചു.
കുവൈത്തിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങൾ കൂടുതൽ വികസിപ്പിക്കാൻ ഇരു രാജ്യങ്ങളുടെയും നേതൃത്വം താൽപര്യമെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ സന്ദർശിക്കാനും ലഭ്യമായ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും ഡോ. ആദർശ് സ്വൈക കുവൈത്ത് വ്യവസായികളെ ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.