കുവൈത്ത് സിറ്റി: 1990ലെ ഇറാഖ് അധിനിവേശത്തിനിടെ മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ ചിലത് കുവൈത്തിന് തിരികെ ലഭിച്ചു. ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള പുസ്തകങ്ങൾ, വിഡിയോ ടേപ്പുകൾ എന്നിവ തിരികെ ലഭിച്ചവയിൽ ഉൾപ്പെടുന്നു. യു.എൻ രക്ഷാ കൗൺസിൽ പ്രമേയങ്ങൾക്ക് അനുസൃതമായാണ് നടപടി.
മോഷ്ടിക്കപ്പെട്ട കുവൈത്ത് സ്വത്തുക്കളും ദേശീയ ആർക്കൈവുകളും തിരികെ നൽകുന്നതിൽ കുവൈത്തും ഇറാഖും തമ്മിലുള്ള സഹകരണത്തിന് ആഹ്വാനം ചെയ്ത് യു.എൻ പ്രമേയം പുറപ്പെടുവിച്ചിരുന്നു. സ്വത്തുക്കൾ തിരികെ ലഭിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ സഹായ ദൗത്യം നടത്തിയ ശ്രമങ്ങളെ കുവൈത്ത് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അബ്ദുൽ അസീസ് അൽ ജറല്ല അഭിനന്ദിച്ചു.
സെപ്റ്റംബറിൽ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം, കാണാതായ കുവൈത്ത്, മൂന്നാം രാജ്യ പൗരന്മാർക്കായുള്ള തിരച്ചിൽ ശ്രമങ്ങളെ പിന്തുണക്കുന്നതിന് ഒരു ഉന്നതതല പ്രതിനിധിയെ നിയമിക്കണമെന്ന് ആവശ്യപ്പെടുന്നതായും മന്ത്രി അബ്ദുൽ അസീസ് അൽ ജറല്ല സൂചിപ്പിച്ചു. പ്രശ്നം പരിഹരിക്കുന്നതിൽ ഇറാഖിന്റെ സംഭാവനകളെ മന്ത്രി പ്രശംസിച്ചു.
കുവൈത്ത് വസ്തുക്കൾ തിരികെ നൽകിയതിനെ ‘ചരിത്രപരമായ ദിനം’ എന്ന് യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയും യു.എൻ.എം.ഐ മേധാവിയുമായ ഡോ. മുഹമ്മദ് അൽ ഹസ്സൻ വിശേഷിപ്പിച്ചു. കുവൈത്ത്- ഇറാഖ് ബന്ധത്തിന്റെ ശുഭ സൂചനയും ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ യുഗം അടയാളപ്പെടുത്തുന്നതുമാണ് ഇതെന്നും പറഞ്ഞു. മോഷ്ടിക്കപ്പെട്ട മറ്റു വസ്തുക്കളും കുവൈത്തിന് കൈമാറുമെന്ന് ഇറാഖ് വിദേശകാര്യ മന്ത്രാലയത്തിലെ ബഹുമുഖ, നിയമകാര്യ അണ്ടർസെക്രട്ടറി ഷോർഷ് സയീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.