കുവൈത്ത് സിറ്റി: പാർലമെൻറ് തെരഞ്ഞെടുപ്പിനുമുമ്പ് അനൗദ്യോഗിക തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ അധികൃതർ. സ്ഥാനാർഥികളെ നിർണയിക്കാൻ വിവിധ ഗോത്രവിഭാഗങ്ങളോ പ്രദേശത്തുകാരോ അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. ഇത് നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയായാൽ അഞ്ചു വർഷം വരെ തടവുശിക്ഷയും 2000 മുതൽ 5000 വരെ ദീനാർ പിഴയും നേരിടേണ്ടിവരും. കുവൈത്തിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് അടുത്തുവരുകയാണ്. സ്ഥാനാർഥികളാകാൻ ആഗ്രഹിക്കുന്നവരും ഗോത്രവിഭാഗങ്ങളും തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഈ വർഷം പാർലമെൻറ് തെരഞ്ഞെടുപ്പ് ഉണ്ടാവും.
കോവിഡ് പ്രതിസന്ധിയുണ്ടായിരുന്നില്ലെങ്കിൽ നവംബറിൽ നടക്കേണ്ടതായിരുന്നു. നീണ്ടുപോയാൽ തന്നെയും ഇൗ വർഷം തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി സർക്കാർ തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. നവംബർ 28, ഡിസംബർ അഞ്ച് എന്നീ രണ്ടു തീയതികളാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, അന്തിമ തീരുമാനമായിട്ടില്ല. കോവിഡ് പ്രതിസന്ധി മുന്നിലുള്ളതിനാൽ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ചേർന്നാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുക. രാജ്യത്തെ ആരോഗ്യസ്ഥിതിയും തെരഞ്ഞെടുപ്പ് എങ്ങനെ നടത്താൻ കഴിയും എന്നതും സംബന്ധിച്ച് സെപ്റ്റംബർ അവസാനത്തിനുമുമ്പ് റിപ്പോർട്ട് നൽകാൻ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാൻ ഇത്തവണ വോെട്ടടുപ്പ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാവും. സാധാരണ ഒരു മാസത്തോളം തമ്പ് കെട്ടി പ്രചാരണം നടത്താറുണ്ട്.
ഇവിടെ ഭക്ഷണവും പാനീയങ്ങളും നൽകുന്നത് സംബന്ധിച്ചും മാർഗനിർദേശവും നിയന്ത്രണങ്ങളുമുണ്ടാവും. വോട്ടർമാരുടെ പങ്കാളിത്തം സംബന്ധിച്ചും ആശങ്കയുണ്ട്. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ 70 ശതമാനമായിരുന്നു പോളിങ്. 50 അംഗ പാർലമെൻറിൽ 20 സീറ്റുകളിൽ വിജയിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. കുവൈത്തിൽ പാർട്ടി സംവിധാനത്തിലല്ല തെരഞ്ഞെടുപ്പ് എങ്കിലും സലഫി, ഇഖ്വാനി പിന്തുണയുള്ള കക്ഷികൾ പരോക്ഷമായി ഒരു ബ്ലോക്ക് ആയി പ്രതിപക്ഷത്തുണ്ട്. അഞ്ചു പാർലമെൻറ് മണ്ഡലങ്ങളിൽ ഒാരോന്നിൽനിന്നും പത്തുപേരെയാണ് തെരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.