കുവൈത്ത് സിറ്റി: രാജ്യത്ത് ശൈത്യകാല ക്യാമ്പിങ് സീസണ് മുന്നോടിയായുള്ള ഒരുക്കങ്ങൾ തുടങ്ങി. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് സീസൺ. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സ്പ്രിങ് ക്യാമ്പ്സ് കമ്മിറ്റി പരിസ്ഥിതി പബ്ലിക് അതോറിറ്റിയുമായി (ഇ.പി.എ), ബന്ധപ്പെട്ട മറ്റു അധികാരികൾ എന്നിവയുമായി യോഗങ്ങൾ നടത്തിവരികയാണ്. വരുന്ന സീസണിലെ ക്യാമ്പിങ് സൈറ്റുകൾ നിർണയിച്ചതായാണ് റിപ്പോർട്ട്. ക്യാമ്പിങ് ലൈസൻസുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികളും വൈകാതെ ആരംഭിക്കും.
ഈ സീസണിൽ ക്യാമ്പിങ് സൈറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്നും സൂചനയുണ്ട്. വരുന്ന ക്യാമ്പിങ് സീസണിൽ റമദാൻ മാസത്തിലെ കൂടുതൽ ദിവസങ്ങൾ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ജഹ്റ ഗവർണറേറ്റിൽ 10 ഉം അഹ്മദി ഗവർണറേറ്റിൽ എട്ടും ഉൾപ്പെടെ 18 സ്ഥലങ്ങളാണ് സ്പ്രിങ് ക്യാമ്പുകൾക്കായി അനനുവദിച്ചത്. തൊട്ടു മുന്നിലെ വർഷത്തേതിൽനിന്ന് ആറ് സ്ഥലങ്ങൾ റദ്ദാക്കി. തെക്കൻ കുവൈത്തിലെ നാല് സ്ഥലങ്ങൾ, കബ്ദ് വെയർഹൗസുകൾക്ക് സമീപമുള്ള ഒന്ന്, ജഹ്റയിലെ അൽ ഒയൂണിന് എതിർവശത്തുള്ള ഒരു സ്ഥലം എന്നിവയാണ് ഒഴിവാക്കിയത്.
തണുപ്പാസ്വദിച്ച് മരുഭൂമിയിൽ രാപാർക്കൽ അറബികളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. എല്ലാ വർഷവും ക്യാമ്പുകളിൽ നിരവധി പേർ എത്താറുണ്ട്. പലരും കുടുംബത്തോടെ ദിവസങ്ങൾ അവിടെ ചെലവഴിക്കുന്നു.
പാചകത്തിനും ദിവസങ്ങൾ താമസിക്കാനുമുള്ള സൗകര്യങ്ങളോടെയുമാകും ക്യാമ്പിൽ എത്തുക. പ്രവാസികളും കുറഞ്ഞദിവസങ്ങളിൽ ഇത്തരം തമ്പുകളിൽ തങ്ങാറുണ്ട്. വിവിധ പരിപാടികളും കൂട്ടായ്മകളും തമ്പുകളിൽ സംഘടിപ്പിക്കുന്നവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.