മനാമ: രാഷ്ട്രനിർമാണ പ്രക്രിയയിലും സുസ്ഥിര വികസനത്തിലും മികച്ച പങ്കാളിത്തമാണ് ബഹ്റൈൻ വനിതകളുടേതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സുപ്രീം കൗൺസിൽ ഫോർ വുമണിന്റെ സംരംഭങ്ങളും ബഹ്റൈൻ സ്ത്രീകൾക്ക് വളരെയധികം പിന്തുണയാണ് നൽകുന്നത്.
ജനാധിപത്യ ജീവിതം സമ്പന്നമാക്കുന്നതിൽ ബഹ്റൈൻ സ്ത്രീകൾ സജീവമായി പങ്കെടുത്തിട്ടുണ്ട്. പാർലമെന്റിൽ 15 ശതമാനവും ശൂറാ കൗൺസിലിൽ 23 ശതമാനവും വനിത പ്രാതിനിധ്യമുണ്ട്.
പാർലമെന്റിന്റെ സ്പീക്കറും ശൂറാ കൗൺസിലിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി ചെയർമാനും വനിതകളാണ്.
മുനിസിപ്പൽ കൗൺസിലുകളിലെ 23 ശതമാനം അംഗങ്ങളെയും ജഡ്ജിമാരുടെ 12 ശതമാനത്തെയും വനിതകൾ പ്രതിനിധാനംചെയ്യുന്നു.
കൗൺസിലിന്റെ തുടർനടപടികൾക്കു കീഴിലും എക്സിക്യൂട്ടിവ്, ലെജിസ്ലേറ്റിവ്, ജുഡീഷ്യൽ അധികാരികളുടെ പങ്കാളിത്തത്തോടെയും ബഹ്റൈൻ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ വനിതകളുടെ പദവി ഉയർത്തുന്നതിനായി 150ലധികം രാജകീയ ഉത്തരവുകൾ, നിയമങ്ങൾ, നിയമനിർമാണ ഭേദഗതികൾ, മന്ത്രിതല തീരുമാനങ്ങൾ, സർക്കുലറുകൾ എന്നിവ അംഗീകരിച്ചിട്ടുണ്ട്.
തൊഴിൽ വിപണിയിൽ വനിതകളുടെ സംഭാവന മൊത്തം ദേശീയ തൊഴിൽ ശക്തിയുടെ 43 ശതമാനമായും ബിസിനസ് ഉടമകളുടേത് 47 ശതമാനമായും വർധിച്ചു.
സർക്കാർ മേഖലയിലെ വനിതകളുടെ എണ്ണം 55 ശതമാനമായും എക്സിക്യൂട്ടിവ് ജോലികളിൽ 46 ശതമാനമായും സ്പെഷലൈസ്ഡ് ജോലികളിൽ 62 ശതമാനമായും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.