കുവൈത്ത് സിറ്റി: ലോകത്ത് അർബുദബാധിതരുടെ വർധനക്ക് അനുസൃതമായി കുവൈത്തിലും രോഗബാധിതർ കൂടുന്നു. സമീപ വർഷങ്ങളിൽ കാൻസർ കേസുകളിൽ വലിയ വർധനവുണ്ടായതായി ലോകാരോഗ്യ സംഘടനയുടെ കണക്ക് ഉദ്ധരിച്ച് ഇന്റേണൽ മെഡിസിൻ വിദഗ്ധ ഡോ. വഫ അൽ ഹഷാഷ് ചൂണ്ടിക്കാട്ടി. വൻകുടൽ അർബുദത്തിന്റെ കാര്യത്തിൽ പ്രത്യേക വർധനയുണ്ടെന്നും അവർ ഉണർത്തി. 2020ലെ കണക്കുകൾ പ്രകാരം കുവൈത്തിൽ 3,842 അർബുദബാധ റിപ്പോർട്ട് ചെയ്തു. 1,719 മരണവുമുണ്ടായി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെയുള്ള രോഗബാധിതരുടെ എണ്ണം 10,885 ആണ്.
2020ൽ ലോകവ്യാപകമായി 10 മില്യൻ അർബുദ അനുബന്ധ മരണങ്ങൾ ഉണ്ടായി. 2040ൽ രോഗബാധിതരുടെ എണ്ണം 28.4 മില്യനിൽ എത്തുമെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള അഞ്ചു വ്യക്തികളിൽ ഒരാൾക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും കാൻസർ പിടിപെടാൻ സാധ്യതയുണ്ട്. എട്ട് പുരുഷന്മാരിൽ ഒരാൾ, 11 സ്ത്രീകളിൽ ഒരാൾ എന്നിങ്ങനെ രോഗം മൂലം മരിക്കാനുള്ള സാധ്യതയും ഉണ്ടായേക്കാം.
ലോകവ്യാപകമായി നാലിൽ ഒരു സ്ത്രീ സ്തനാർബുദത്തിന് ഇരയാകുന്നു. ഗർഭാശയം, വൻകുടൽ, മൂത്രാശയം, ശ്വാസകോശം, തൈറോയിഡ് കാൻസർ എന്നിവക്ക് അനേകം സ്ത്രീകൾ ഇരയാകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സ്തനങ്ങൾ, വൻകുടൽ, തൈറോയിഡ് എന്നിങ്ങനെയാണ് രോഗം ബാധിക്കുന്നതിൽ മുന്നിൽ. വൻകുടൽ അർബുദം ബാധിക്കുന്നവരിൽ 14 ശതമാനവും പുരുഷന്മാരാണ്. പ്രോസ്റ്റേറ്റ് കാൻസർ, ശ്വാസകോശ കാൻസർ എന്നിവയിലും പുരുഷന്മാരാണ് മുന്നിൽ. അതേസമയം, സ്തനാർബുദം, തൈറോയ്ഡ് ഗ്രന്ഥി കാൻസർ എന്നിവയിൽ സ്ത്രീകളാണ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.