കുവൈത്ത് സിറ്റി: സർക്കാർ ഹാജരാകാത്തതിനാൽ ദേശീയ അസംബ്ലി സമ്മേളനം വീണ്ടും മാറ്റി. ചൊവ്വാഴ്ച സാധാരണ സമ്മേളനത്തിന് സ്പീക്കർ അഹമ്മദ് അൽ സദൂൻ എം.പിമാരെ ക്ഷണിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രിയോ മന്ത്രിമാരോ എത്താത്തതിനാൽ സമ്മേളനം നിർത്തിവെക്കുന്നതായി സ്പീക്കർ അറിയിച്ചു. സഭയിൽ എത്തില്ലെന്ന് ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയും ഭവന, നഗര വികസന സഹമന്ത്രിയുമായ അമ്മാർ അൽ അജ്മി അറിയിച്ചതായി സ്പീക്കർ പറഞ്ഞു. ചൊവ്വാഴ്ചയിലെ സമ്മേളനം, ബുധനാഴ്ചയിലെ അനുബന്ധ സമ്മേളനം, വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്ത പ്രത്യേക സെഷൻ എന്നിവയിലും പങ്കെടുക്കേണ്ടെന്നാണ് മന്ത്രിസഭാംഗങ്ങളുടെ തീരുമാനമെന്നും സ്പീക്കർ വ്യക്തമാക്കി. ഇതോടെ, ദേശീയ അസംബ്ലി ഫെബ്രുവരി 21,22 തീയതികളിലേക്കു മാറ്റി.
സ്കൂളുകളിൽ തട്ടിപ്പ് പ്രോത്സാഹിപ്പിക്കുന്നവരെ ഏഴുവർഷം വരെ തടവിന് ശിക്ഷിക്കുന്നതിനുള്ള കരട് നിയമം, സ്കൂൾ പരീക്ഷകളിലെ കോപ്പിയടി നിരോധന നിയമം എന്നിവ ഈ സമ്മേളനത്തിൽ ചർച്ചയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അഞ്ചുവർഷത്തിനിടെ വിദ്യാഭ്യാസ മന്ത്രാലയം പിടികൂടിയ തട്ടിപ്പ് കേസുകളുടെ സ്ഥിതിവിവരക്കണക്ക് നൽകാൻ ചില എം.പിമാർ മന്ത്രിസഭയോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക സെഷനിൽ പങ്കെടുക്കാൻ സ്പീക്കർ എം.പിമാരെ ക്ഷണിച്ചിരുന്നു. മന്ത്രിസഭയുടെ നിസ്സഹകരണം ഇവ നീട്ടിവെക്കാൻ ഇടയാക്കി.
ജനുവരി 25ലെ പതിവ് സമ്മേളനത്തിലും പ്രധാനമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാത്തതിനാൽ ഏഴ്, എട്ട് തീയതികളിലേക്ക് മാറ്റിയതാണ്. അതും മുടങ്ങി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, മന്ത്രിസഭയുടെ രാജി പ്രഖ്യാപിച്ചതിന് പിറകെയാണ് പിന്മാറ്റം. എം.പിമാരുമായുള്ള അഭിപ്രായ ഭിന്നതയാണ് പ്രധാനമന്ത്രി രാജിവെക്കുന്നതിലെത്തിയത്. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് മന്ത്രിസഭയുടെ രാജിക്കത്ത് സമർപ്പിച്ചു. രാജി സ്വീകരിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിലവിലെ സർക്കാറിനോട് താൽക്കാലിക ചുമതല തുടരാൻ ആവശ്യപ്പെട്ടു. പുതിയ സർക്കാർ രൂപവത്കരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.