കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രവർത്തനശേഷി പൂർണതോതിലാക്കി. ഗതാഗത വകുപ്പ്, താമസകാര്യ വകുപ്പ്, സർവിസ് സെന്റർ തുടങ്ങി എല്ലാ വകുപ്പുകളും പൂർണശേഷിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
രോഗമുള്ള ജീവനക്കാർക്കു മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ അവധി അനുവദിക്കും. ജീവനക്കാർ കുറവായത് പ്രവർത്തനരംഗത്ത് പ്രയാസം സൃഷ്ടിക്കുന്നതായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനശേഷി നിയന്ത്രണം സംബന്ധിച്ച സർക്കുലർ റദ്ദാക്കിയത്.
വൈറസ് വ്യാപന പശ്ചാത്തലത്തിൽ സർക്കാർ ഓഫിസുകളിലെ ഹാജർനില 50 ശതമാനമായി കുറച്ചിരുന്നു. ഇതിൽ പ്രത്യേക ഇളവ് വേണമെന്ന് വിവിധ വകുപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാമെന്ന് ഉറപ്പുനൽകിയാണ് നീതിന്യായ വകുപ്പ് ഉൾപ്പെടെ പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിസഭക്ക് കത്തുനൽകിയത്.
ഇടപാടുകൾക്ക് എത്തുന്ന സന്ദർശകരുടെ സൗകര്യത്തിനായാണ് ഇത്തരമൊരാവശ്യം ഉന്നയിച്ചത്. ആരോഗ്യ മന്ത്രാലയം, സൈന്യം, അഗ്നിശമന വകുപ്പ് തുടങ്ങിയ ചില വകുപ്പുകൾക്ക് നേരത്തേതന്നെ 50 ശതമാനം നിയന്ത്രണത്തിൽ പ്രത്യേക ഇളവ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.