കേരളത്തിൽ മലയാളികളുടെ പ്രധാന ആഘോഷമായ ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഇത്തവണത്തെ നബിദിനാഘോഷം. മതസൗഹാർദത്തിന്റെ ഏറ്റവും വലിയ മാതൃകയായ കേരളത്തിലെ ജനങ്ങൾക്ക് സന്തോഷത്തിന്റെ ‘തിരുവോണ നബിദിനം’.
കഴിഞ്ഞ രണ്ടു വർഷവും എന്റെ ജന്മനാടായ ഒളവറയിലെ ജുമുഅത്ത് കമ്മിറ്റിയുടെ നബിദിന റാലിയിൽ ഞാനും ഉണ്ടായിരുന്നു. ഇത്തവണ ചില കാരണങ്ങളാൽ നാട്ടിൽ പോകാൻ പറ്റാത്തതിനാൽ നബിദിന ഘോഷയാത്രയിൽ പങ്കെടുക്കുവാൻ പറ്റാത്തതിന്റെ വിഷമത്തിലാണ്.
മറ്റു ഘോഷയാത്രകൾ പോലെയല്ല നബിദിന റാലികൾ ഞങ്ങളുടെ നാട്ടിൽ നബിദിന ഘോഷയാത്ര ഗ്രാമങ്ങളിലെ എല്ലാ ഇടവഴികളിലൂടെയും കടന്നുപോകും. അതുകൊണ്ടുതന്നെ ഇതൊരു ജനകീയ ജാഥയാണ്. ഘോഷയാത്രയുടെ വരവുംകാത്ത് ജാതിമതഭേദമന്യേ എല്ലാ വീടുകളിലും ആളുകൾ കാത്തുനിന്ന് ആശംസകൾ അറിയിക്കുന്നത് മനോഹരമായ കാഴ്ചയാണ്. വഴിയിലുടനീളം ഘോഷയാത്ര കാണാൻ നിൽക്കുന്നവർക്ക് മധുരം വിതരണം ചെയ്യുന്ന പ്രത്യേകതയുമുണ്ട്.
വർണക്കൊടികളും, ദഫ് മുട്ടി പാട്ടും, പ്രവാചകന്റെ കീർത്തനങ്ങൾ ചൊല്ലിയും ജനങ്ങൾ അണിനിരക്കുന്ന ഒളവറയിലെ എന്റെ ഗ്രാമത്തിലെ ഘോഷയാത്ര കടന്നുപോകുന്ന വഴിയിലാണ് ശ്രീ ഒളവറ മുണ്ട്യക്കാവ് സ്ഥിതി ചെയ്യുന്നത്. ഘോഷയാത്രയെ സ്വീകരിക്കാനായി ദേവസ്വം ഭാരവാഹികളും നാട്ടുകാരും ഒരുങ്ങിയിരിക്കും. മതസൗഹാർദം വിളിച്ചോതുന്ന സന്തോഷകരമായ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് യാത്ര തുടരുക.
2023ലെ ഘോഷയാത്ര എനിക്ക് മറക്കാൻ പറ്റാത്തതാണ്. രാവിലെ ഏഴുമണിക്ക് പതാക ഉയർത്തൽ ചടങ്ങ് മുതൽ ഞാനും പങ്കുചേർന്നിരുന്നു. തുടക്കത്തിൽ ചെറിയതോതിലുള്ള മഴ ആയിരുന്നെങ്കിലും ഇടക്ക് മഴയുടെ ശക്തി കൂടി. എന്നിട്ടും തീരുമാനിച്ച സ്ഥലങ്ങളിലൂടെയെല്ലാം കടന്ന് പോയതിനു ശേഷം മാത്രമാണ് ഘോഷയാത്ര അവസാനിപ്പിച്ചത്. സ്നേഹത്തിന്റെ ആ വിളംബര ജാഥക്ക് മഴ ഒരു തടസ്സമേയല്ലല്ലോ...!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.