അറബ് മാധ്യമസമ്മേളനത്തിൽ അംഗങ്ങൾ
അറബ് മാധ്യമങ്ങൾക്കായുള്ള മിനിസ്റ്റേഴ്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി സെഷൻ നടന്നു
കുവൈത്ത് സിറ്റി: മാധ്യമങ്ങളുടെ പ്രസക്തിയും സാമൂഹിക പങ്കും ഉത്തരവാദിത്തവും വിശദീകരിച്ചും ചർച്ചചെയ്തും അറബ് മാധ്യമ സമ്മേളനം.
അറബ് ഇൻഫർമേഷൻ മിനിസ്റ്റേഴ്സ് കൗൺസിൽ എക്സിക്യൂട്ടിവ് ഓഫിസ് മീറ്റിങ്ങുകളുടെ റെഗുലർ സെഷന്റെ ഭാഗമായി സംഘടിപ്പിച്ച അറബ് മാധ്യമങ്ങൾക്കായുള്ള സെഷനാണ് ഗൗരവ ചർച്ചക്ക് വേദിയായത്. അറബ് മാധ്യമങ്ങൾക്കായുള്ള മിനിസ്റ്റേഴ്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ 98ാമത് റെഗുലർ സെഷനാണ് തിങ്കളാഴ്ച നടന്നത്.
ഫലസ്തീൻ പ്രശ്നമാണ് അജണ്ടയിൽ പ്രധാനമെന്ന് വാർത്താവിതരണ സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. സ്വതന്ത്ര രാഷ്ട്രമെന്ന പൂർണമായ അവകാശം നേടുന്നതുവരെ ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന കുവൈത്ത് നിലപാട് അദ്ദേഹം ഉറപ്പിച്ചു. ഫലസ്തീൻ വിഷയത്തെക്കുറിച്ചുള്ള വാർത്തകൾ ഇൻഫർമേഷൻ മന്ത്രാലയം പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനിയൻ പ്രശ്നം, ഭീകരവാദം, കിംവദന്തികൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കൽ, അന്താരാഷ്ട്ര മാധ്യമകമ്പനികളുമായി സഹകരിക്കുന്നതിനുള്ള ഏകീകൃത തന്ത്രം വികസിപ്പിക്കൽ, 2030 സുസ്ഥിര വികസനം സ്വീകരിക്കൽ തുടങ്ങി സുപ്രധാന മാധ്യമവിഷയങ്ങൾ യോഗം കൈകാര്യംചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് മീഡിയ, സാങ്കേതികവിദ്യ എന്നിവയുടെ വ്യാപനവും വികാസവും കണക്കിലെടുത്ത് ഈ വിഷയങ്ങളിൽ ക്രിയാത്മക ഇടപെടൽ കൈവരിക്കുന്നതിന് രാജ്യങ്ങൾ, മാധ്യമ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവക്കിടയിൽ സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളുടെ സാമൂഹിക ഇടപെടലുകൾ സൂചിപ്പിച്ച അൽ മുതൈരി അടുത്തിടെ തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിലും സഹായവിതരണത്തിലും മാധ്യമങ്ങൾ നിർവഹിച്ച ക്രിയാത്മക പങ്ക് എടുത്തുപറഞ്ഞു.
അറബ് മാധ്യമങ്ങൾക്കായുള്ള സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ അറബ് സേവനങ്ങൾ നിർവഹിക്കുന്നതിനുമുള്ള സ്ഥിരവും സുപ്രധാനവുമായ സംവിധാനമാണെന്ന് അറബ് ലീഗ് അംബാസഡറും മീഡിയ ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മേധാവിയുമായ അഹമ്മദ് ഖത്താബി പറഞ്ഞു.
അറബ് ഇൻഫർമേഷൻ മന്ത്രിമാരുടെ കൗൺസിലിന്റെ എക്സിക്യൂട്ടിവ് ഓഫിസിൽ കുവൈത്ത്, തുനീഷ്യ, അൽജീരിയ, സൗദി അറേബ്യ, ഇറാഖ്, കൊമോറോസ് ദ്വീപുകൾ, ലബനാൻ, യമൻ എന്നിവയും അറബ് ലീഗിന്റെ കുടക്കീഴിൽ മാധ്യമജോലികൾ ചെയ്യുന്ന സംഘടനകളും യൂനിയനുകളും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.