റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകൾക്ക്​ മുഴുവൻ തുകയും തിരിച്ചുനൽകണമെന്ന്​ കേന്ദ്ര സർക്കാർ

കുവൈത്ത്​ സിറ്റി: ലോക്ഡൗണിനെ തുടർന്ന്​ റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകൾക്ക്​ മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ സത്യവാങ്മൂലം സമർപ്പിച്ചാണ് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയത്. മുഴുവൻ തുക തിരിച്ചുനൽകാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്താണ്​ പ്രവാസി ലീഗൽ സെൽ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്​. ഹരജിയിൽ കേന്ദ്രസർക്കാറിനും വിമാനകമ്പനികൾക്കും നോട്ടീസ്​അയച്ച കോടതി വിമാന കമ്പനികളുമായി ചർച്ചയിലേർപ്പെടാനും പ്രശ്‌നം രമ്യമായി പരിഹരിക്കാനും കേന്ദ്ര സർക്കാറിന് നിർദേശം നൽകിയിരുന്നു.

വിമാന കമ്പനികളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര സർക്കാർ നയം വ്യക്​തമാക്കിയത്‌. ഇതനുസരിച്ച്​ 15 ദിവസത്തിനകം റദ്ദുചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവൻ തുകയും വിമാന കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ടതാണ്. ഏതെങ്കിലും വിമാന കമ്പനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഈ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരിൽ നൽകേണ്ടതും ക്രെഡിറ്റ് ഷെല്ലിലെ പണമുപയോഗിച്ച്​ 2021 മാർച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിക്കുകയും വേണം. ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്ക് മാർച്ച്​ 31നകം 0.75 ശതമാനം പലിശയോടെ തുക തിരിച്ചുനൽകണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇന്ത്യയിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്​ട്ര ടിക്കറ്റുകൾക്ക്​ പുറമെ ഇന്ത്യയിലേക്ക് യാത്ര നടത്തുന്ന വിദേശ വിമാനക്കമ്പനികൾക്കും ഇതു ബാധകമാക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഹരജി നൽകിയ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാമും, പ്രവാസി ലീഗൽ സെൽ കുവൈത്ത്​ കൺട്രി ഹെഡ് ബാബു ഫ്രാൻസീസും പറഞ്ഞു. കേസ് സുപ്രീംകോടതി വരുന്ന ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.