കുവൈത്ത് സിറ്റി: അതിരുകളില്ലാത്ത മനുഷ്യസ്നേഹത്തിലൂടെയും സേവനത്തിലൂടെയും കുവൈത്തിലെ പ്രവാസി സമൂഹത്തിെൻറ കണ്ണിലുണ്ണിയായി മാറിയ മാത്തുണ്ണി മാത്യൂസിന് (ടൊയോട്ട സണ്ണി) വികാരനിർഭരമായ യാത്രാമൊഴി.
കുവൈത്ത് എൻ.ഇ.സി.കെ പള്ളിയിൽ ബുധനാഴ്ച രാവിലെ 11 മുതൽ 12 വരെ അദ്ദേഹത്തിെൻറ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ തടിച്ചുകൂടിയ ജനക്കൂട്ടം അദ്ദേഹത്തോടുള്ള സ്നേഹവായ്പിെൻറ തെളിവായി. ഇന്ത്യൻ എംബസി പ്രതിനിധികളും സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരും സാധാരണ ജനങ്ങളും അവസാനമായി ഒരുനോക്കുകാണാൻ എത്തി. പ്രമുഖ വ്യവസായി എം.എ. യൂസുഫലിയും എത്തിയിരുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെ സബാഹ് ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹവുമായുള്ള വിലാപയാത്ര എൻ.ഇ.സി.കെ പള്ളിയിലേക്ക് തിരിച്ചു. വികാരനിർഭരമായിരുന്നു പള്ളിയിലെ രംഗങ്ങൾ. പലരും ഹൃദ്യമായ ഒാർമകളിൽ വിതുമ്പി. കുവൈത്തിലെ ഇറാഖ് അധിനിവേശകാലത്ത് 1,70,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയാണ് ടൊയോട്ട സണ്ണി പ്രിയങ്കരനായി മാറിയത്. എംബസി ജീവനക്കാരെയടക്കം നാട്ടിലയച്ച് ഏറ്റവും അവസാനമാണ് അദ്ദേഹം വിമാനം കയറിയത്. 59 ദിവസങ്ങൾ കൊണ്ട് 488 വിമാനങ്ങളിലും റോഡ് മാർഗവുമായാണ് ഇത്രയും പേരെ യുദ്ധമുഖത്തുനിന്ന് രക്ഷിച്ചത്. മൃതദേഹം ബുധനാഴ്ച വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് സ്വന്തം നാടായ പത്തനംതിട്ട കുമ്പനാട് ഏലീം െഎ.പി.സി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.