കുവൈത്ത് സിറ്റി: ഉച്ചസമയത്തെ പുറംജോലി നിയന്ത്രണം പാലിക്കാത്തവർക്കെതിരെ കർശന നടപടിക്കൊരുങ്ങി അധികൃതർ. ഉയർന്ന താപനില കണക്കിലെടുത്ത് രാജ്യത്ത് ജൂൺ ഒന്നു മുതൽ ഉച്ചസമയത്ത് പുറംജോലികൾക്ക് നിയന്ത്രണമുണ്ട്. ഇത് ആഗസ്റ്റ് അവസാനം വരെ തുടരും.
നിയമം നടപ്പിലാക്കുന്നത് ഉറപ്പുവരുത്താനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തൊഴിലിടങ്ങൾ സന്ദർശിക്കുന്നുണ്ട്. ജൂൺ ഒന്നു മുതൽ 30വരെ 60 തൊഴിലിടങ്ങൾ സന്ദർശിക്കുകയും 33 തൊഴിലാളികൾ നിയമം ലംഘിച്ച് ജോലി ചെയ്യുന്നത് കണ്ടെത്തുകയും ചെയ്തതായി അതോറിറ്റി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
നിയമം ലംഘിച്ച 30 കമ്പനികൾക്ക് മുന്നറിയിപ്പു നൽകി. തുടർന്നുള്ള പരിശോധനകളിൽ ഒരു കമ്പനി പോലും നിയമം ആവർത്തിച്ച് ലംഘിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആദ്യ ലംഘനം കണ്ടെത്തിയ 30 കമ്പനികളിൽ വീണ്ടും പരിശോധനകൾ നടത്തുകയും ചെയ്തു. കഴിഞ്ഞ മാസം ഉച്ചവിശ്രമ നിയമലംഘനവുമായി ബന്ധപ്പെട്ട് 12 പരാതികൾ ലഭിച്ചതായും അതോറിറ്റി അറിയിച്ചു.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകി.
കനത്ത ചൂടിൽനിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് മൂന്നു മാസം പുറംജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കുന്നതിനാണ് വിലക്ക്. വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർമാണ മേഖലയിൽ ഉൾപ്പെടെ ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകളുടെ നേതൃത്വത്തില്‍ കർശന പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.