കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ ദുരിതമനുഭവിക്കുന്നവർക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) സഹായം എത്തിക്കും. ഇതിനായുള്ള സംഭാവന കാമ്പയിന് തുടക്കമായി. സുഡാൻ നേരിടുന്ന ദുഷ്കരമായ സാഹചര്യങ്ങളിൽ നിരവധിപേർ ദുരിതത്തിലാണ്.
സുഡാനിൽ പ്രയാസപ്പെടുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ‘സേവ് സുഡാൻ’ എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചത്. കാമ്പയ്നിന്റെ വിജയത്തിനായി തങ്ങളുടെ സന്നദ്ധപ്രവർത്തകർ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് കെ.ആർ.സി.എസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ഹിലാൽ അൽ സയർ പറഞ്ഞു. ജനങ്ങളോട് വെബ്സൈറ്റ് വഴിയോ കെ നെറ്റ് വഴി യോ അവരുടെ ആസ്ഥാനത്ത് നേരിട്ടോ സംഭാവന നൽകാനും കെ.ആർ.സി.എസ് ആഹ്വാനം ചെയ്തു.
സുഡാനിലേക്ക് ദുരിതാശ്വാസവും വൈദ്യസഹായവും അയക്കുന്ന എല്ലാവരെയും അൽ സയർ അഭിനന്ദിച്ചു. പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ ദുരന്തങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിൽ കുവൈത്ത് എപ്പോഴും സജീവമാണെന്നും അദ്ദേഹം ഉണർത്തി.
സുഡാനിൽ പ്രയാസം അനുഭവിക്കുന്നവർക്ക് ദുരിതാശ്വാസവും വൈദ്യസഹായവും അയക്കാൻ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമെടുത്തിരുന്നു. പ്രതിരോധ, ആരോഗ്യമന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ച് വിദേശകാര്യ മന്ത്രാലയത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.