കുവൈത്ത് സിറ്റി: കൊല്ലം തേവലക്കര കോവൂര്‍ ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരത്തിൽ പങ്കെടുക്കാൻ കുവൈത്ത് പ്രവാസിയായ മാതാവ് സുജ നാട്ടിലെത്തും. അപകടം നടക്കുന്ന സമയം സുജ കുവൈത്തിലെ തൊഴിലുടമക്കൊപ്പം തുർക്കിയിലായിരുന്നു. ഇതിനാൽ ഇവരെ വിവരം അറിയിക്കാൻ വൈകി.
വ്യാഴാഴ്ച രാത്രിയാണ് ദുഃഖവാർത്ത മാതാവിനെ അറിയിച്ചത്. തുടർന്ന് ഉടൻ നാട്ടിലേക്ക് തിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ആറിന് സുജ തുർക്കിയിൽനിന്ന് കുവൈത്തിലേക്ക് തിരിക്കും. രാത്രി 9:30ന് കുവൈത്തിലെത്തും.
ശനിയാഴ്ച പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെടും. രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുമെന്നാണ് വിവരം. ശനിയാഴ്ച വൈകീട്ട് നാലിനാണ് മിഥുന്റെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 10ന് സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.
മൂന്നു മാസം മുമ്പാണ് സുജ കുവൈത്തിലെത്തിയത്. അപകട സമയം ജോലി ചെയ്യുന്ന കുടുംബത്തിനൊപ്പം തുർക്കിയിലായിരുന്നു. ഇതിനാൽ നാട്ടിൽനിന്ന് സുജയുടെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.
വ്യാഴാഴ്ച രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാർഥിയും തേവലക്കര വലിയപാടം മിഥുന്‍ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുൻ (13) സ്കൂളിൽ ഷോക്കേറ്റ് മരിച്ചത്. സ്കൂൾ കെട്ടിടത്തോട് ചേർന്ന സൈക്കിള്‍ ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ കയറിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.