കുവൈത്ത് സിറ്റി: പൊതുയിടങ്ങളിൽ മാലിന്യങ്ങളും അവശിഷ്ടങ്ങളും തള്ളുന്നതിനെതിരെ മുന്നറിയിപ്പു നൽകി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി (ഇ.പി.എ). നിർമ്മാണ-പൊളിക്കൽ പ്രവർത്തനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ റോഡുകളിലോ നടപ്പാതകളിലോ വീടുകൾക്ക് മുന്നിലോ തള്ളുന്നത് ഒഴിവാക്കണമെന്നും, അവ നിശ്ചിത സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
അംഗീകൃത പാത്രങ്ങളിലോ നിശ്ചിത സ്ഥലങ്ങളിലോ അല്ലാതെ മാലിന്യമോ അവശിഷ്ടങ്ങളോ നിക്ഷേപിക്കുന്നത് പരിസ്ഥിതി സംരക്ഷണ നിയമ ലംഘനമാണ്. കെട്ടിടം പൊളിച്ചതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ തോന്നിയതുപോലെ നീക്കം ചെയ്യരുത്. നിയമ ലംഘകർ 500 ദീനാർ വരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടിവരും.
പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നത് പാർപ്പിടമേഖലകളുടെ കാഴ്ചഭംഗി നശിപ്പിക്കുകയും, ഗതാഗത തടസ്സം സൃഷ്ടിക്കാനും റോഡ് സുരക്ഷക്ക് ഭീഷണിയാകാനും പരിസ്ഥിതിക്ക് ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും ഇടയാക്കുമെന്ന് ഇ.പി.എ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ശൈഖ അൽ ഇബ്രാഹിം പറഞ്ഞു. പരിസ്ഥിതിക്കും നഗരഭംഗിക്കും ദോഷം വരുത്തുന്ന പ്രവണതകൾ ഒഴിവാക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
കെട്ടിടങ്ങൾ പൊളിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നത് പാരിസ്ഥിതികവും നിയമപരവും സാമൂഹികവുമായ ഉത്തരവാദിത്തമാണ്.‘കയ്യേറ്റങ്ങളില്ലാത്ത കുവൈത്ത് കൂടുതൽ സുന്ദരം’ എന്ന പ്രചാരണ ഭാഗമായി നടക്കുന്ന പൊളിക്കൽ നടപടികൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങൾ അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കാനും മാലിന്യം അംഗീകൃത കേന്ദ്രങ്ങളിലേക്ക് തന്നെ കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കാനും ശൈഖ അൽ ഇബ്രാഹിം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.