ഗസ്സ ഫലസ്തീന്റെ അവിഭാജ്യ ഘടകം; ഇസ്രായേൽ കുടിയൊഴിപ്പിക്കൽ നീക്കത്തിനെതിരെ കുവൈത്ത്
കുവൈത്ത് സിറ്റി: ഗസ്സയിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേൽ നീക്കത്തെ ശക്തമായി എതിർത്തു കുവൈത്ത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഇസ്രായേൽ മന്ത്രിമാർ നടത്തിയ പ്രസ്താവനകളെ കുവൈത്ത് തള്ളി. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കുനേരെയുള്ള നഗ്നമായ ആക്രമണവും, അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും പരസ്യമായ ലംഘനവുമാണിത്.
ഇത്തരം നിർദ്ദേശങ്ങൾ സമാധാനം കൈവരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെയും, ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമഗ്ര പദ്ധതിയെയും ദുർബലപ്പെടുത്തുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
ഗസ്സ ഫലസ്തീൻ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണ്. കിഴക്കൻ ജറുസലം ഉൾപ്പെടെ ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്തീൻ പ്രദേശങ്ങളുടെ ഐക്യം നിലനിർത്തേണ്ടത് അനിവാര്യമാണ്. ഫലസ്തീൻ പ്രദേശങ്ങളിൽ ജനസംഖ്യാപരമായോ ഭൂമിശാസ്ത്രപരമായോ ആയ മാറ്റങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെ ചെറുക്കണം. ഇക്കാര്യത്തിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയോടും കുവൈത്ത് ആഹ്വാനം ചെയ്തു.
കിഴക്കൻ ജറുസലം തലസ്ഥാനമായി, 1967 ജൂൺ നാലിലെ അതിർത്തികൾക്കുള്ളിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെയും ഫലസ്തീൻ വിഷയത്തെയും പിന്തുണക്കുന്നതിലുള്ള തങ്ങളുടെ ഉറച്ച നിലപാടും കുവൈത്ത് ആവർത്തിച്ചു.
ഗസ്സയിൽ നിന്ന് ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കണമെന്ന് ഇസ്രായേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് എന്നിവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ഖത്തർ, സൗദി അറേബ്യ, ജോർഡൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്താൻ, ഈജിപ്ത്, തുർക്കിയ തുടങ്ങിയ അറബ് -മുസ് ലിം രാജ്യങ്ങളും ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.