പൊതുതെരഞ്ഞെടുപ്പ്; പ്രചാരണച്ചൂടില്‍ സോഷ്യല്‍ മീഡിയയും

കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് തിയതി അടുത്തതോടെ സഥാനാർഥികൾ പ്രചാരണങ്ങൾ ശക്തിപ്പെടുത്തി. നവ മാധ്യമങ്ങളിലൂടെയാണ് പ്രചാരണപ്രവർത്തനങ്ങളും വോട്ട് അഭ്യർഥ്യനയും ഏറെയും നടക്കുന്നത്. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ ഈ തെരഞ്ഞെടുപ്പിൽ സജീവമാണ്. ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്ട്‌സ് ആപ്പ്,ടിക്‌ടോക്ക്, സ്നാപ്പ് ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെയാണ് പല സ്ഥാനാര്‍ഥികളും പ്രചാരണം നടത്തുന്നത്.

കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുകളിലും സോഷ്യൽ മീഡിയ നിർണായക സ്ഥാനം വഹിച്ചെങ്കിലും ഇത്തവണ സോഷ്യൽ മീഡിയകളിൽ കൂടിയുള്ള ആരോപണ-പ്രത്യാരോപണങ്ങൾ തുടക്കം മുതൽ തന്നെ ശക്തമാണ്. സ്ഥാനാര്‍ഥികളില്‍ പലരും ഐടി സെൽ രൂപീകരിച്ചാണ് സോഷ്യൽ മീഡിയകൾ വഴി പ്രചാരണം നടത്തുന്നത്. ഓരോ പ്രദേശത്തെയും ആളുകളെ ഉൾകൊള്ളിച്ച് പ്രത്യേക വാട്സാപ് ഗ്രൂപ്പുകളും സോഷ്യൽ മീഡിയ പേജുകളും സജീവമാണ്. തങ്ങൾക്ക് പറയാനുള്ളത് പോസ്റ്ററുകളും ലഘുവീഡിയോകളുമായി ഇവയിലൂടെ സഥാനാർഥികൾ പങ്കുവെക്കുന്നു. ഫേസ് ബുക്ക്, വാട്‌സ് അപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങി സജീവ മീഡിയകളിലെല്ലാം നിരവധി മെസേജുകളാണ് ദിവസേന പ്രചരിക്കുന്നത്.

നിമിഷങ്ങള്‍ക്കുള്ളില്‍ ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് കൈമാറുന്ന മെസേജുകള്‍ക്ക് വന്‍ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള പ്രചാരണത്തിന് തിരഞ്ഞെടുപ്പ് ആസ്ഥാനം തുറക്കുന്നതിനേക്കാൾ ചിലവ് കുറവാണ്. ഇത് നവ മാധ്യമങ്ങളിലേക്ക് കൂടുതല്‍ സ്ഥാനാര്‍ഥികളെ ആകര്‍ഷിക്കുന്നതിന് കാരണമായി കുവൈത്ത് സർവകലാശാല പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഡോ. ഇബ്രാഹിം അൽ ഹദ്ബാൻ പറഞ്ഞു. അതേസമയം, ഇത്തരം പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും വിവേകത്തോടെ ഉപയോഗിക്കണമെന്നും ഡോ. നാസർ അൽ മജൈബിൽ ചൂണ്ടിക്കാട്ടി.

ജൂണ്‍ ആറിനാണ് ദേശീയ അസംബ്ലിതെരഞ്ഞെടുപ്പ്. 50 അംഗ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ 254 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചുമണ്ഡലങ്ങളിൽനിന്നായി 10 പേരെ വീതമാണ് തെരഞ്ഞെടുക്കുക.

Tags:    
News Summary - Social media in General Election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.