ഷുവൈഖ് ബീച്ച്
കുവൈത്ത് സിറ്റി: നവീകരിച്ച ഷുവൈഖ് ബീച്ചിന്റെ ഉദ്ഘാടനം നടന്നു. വിപുലമായ സൗകര്യങ്ങളോടെ അണിഞ്ഞൊരുങ്ങിയ ബീച്ച് ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ബീച്ച് രാജ്യത്തിന്റെ നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നാഷനൽ ബാങ്ക് ഓഫ് കുവൈത്തിന്റെ ധനസഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കിയത്. ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പൽ കാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മശ്അരി, നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് വൈസ് ചെയർമാനും സി.ഇ.ഒയുമായ ഇസാം അൽ സാഗർ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
സുസ്ഥിര വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനും വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ മേഖലയിൽ കുവൈത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താനും ബീച്ച് വഴിയൊരുക്കും. 1.7 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്നതാണ് പദ്ധതി. കായിക ഇടങ്ങൾ, വിനോദ മേഖലകൾ, വിശാലമായ ഹരിത ഇടങ്ങൾ, പള്ളി, വിശ്രമമുറികൾ, വാണിജ്യ കിയോസ്കുകൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഇന്ററാക്ടീവ് ഗെയിം, വിശാലമായ പുൽത്തകിടികൾ, ബഹുമുഖ ആവശ്യങ്ങൾക്കുള്ള ഗ്രൗണ്ടുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ബീച്ചിൽ സന്ദർശകർക്കായി മരം കൊണ്ടുള്ള ബെഞ്ചുകൾ സജ്ജമാണ്. ഹരിത ഇടങ്ങൾ, മരങ്ങൾ, വിശ്രമ സ്ഥലങ്ങൾ എന്നിവയുള്ള മനോഹരമായ പൂന്തോട്ടവും ആകർഷകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.