കർഫ്യൂവിന് മുമ്പായി അടച്ചിട്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ. കുവൈത്തിലെ അബ്ബാസിയയിൽനിന്നുള്ള ദൃശ്യം -ഫോേട്ടാ: രാജു ജോസഫ്
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂവും വ്യാപാര നിയന്ത്രണങ്ങളും മൂലം കുവൈത്തിലെ വ്യാപാരികൾ വലിയ പ്രതിസന്ധിയിൽ. കുറഞ്ഞ സമയം മാത്രം തുറന്നുപ്രവർത്തിക്കാൻ കഴിയുന്നതിനാൽ വരവും ചെലവും ഒത്തുപോകാതെ പ്രയാസപ്പെടുകയാണെന്ന് വ്യാപാരികൾ പറയുന്നു.
വൈകീട്ടും രാത്രിയുമാണ് മുൻകാലങ്ങളിൽ ഏറ്റവും കച്ചവടം നടക്കാറുള്ളത്. ആളുകൾ ജോലിക്ക് പോയി വന്നതിന് ശേഷമാണ് പർച്ചേഴ്സിന് ഇറങ്ങുന്നത് പതിവ്. ഇൗ സമയത്താണ് വ്യാപാര നിയന്ത്രണം. സ്ഥാപനം തുറക്കുന്നതിനാൽ വാടക, ശമ്പള ചെലവുകൾ കൊടുക്കേണ്ടി വരുന്നു.
എന്നാൽ, ഇതനുസരിച്ച് വരുമാനമില്ല. സ്വന്തം അധ്വാനത്തിന് ഒന്നും ലഭിക്കുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും ചെലവിന് വേറെ പണം കണ്ടെത്തേണ്ട അവസ്ഥയാണ്. ചെറുകിട വ്യാപാരികളാണ് ഏറെ ബുദ്ധിമുട്ടുന്നത്.ഏറെ കാലം താങ്ങിനിർത്താനുള്ള സാമ്പത്തിക ശേഷി ഇവർക്കില്ല. കർഫ്യൂവും കോവിഡ് പ്രതിസന്ധിയും അവസാനിച്ച് എല്ലാം സാധാരണ നിലയിലാകും എന്ന പ്രതീക്ഷയിലാണ് പലരും സ്ഥാപനം പൂട്ടാതെ പിടിച്ചുനിൽക്കുന്നത്. നിരവധി സ്ഥാപനങ്ങൾക്ക് ഇതിനകം താഴ് വീണു.
കഴിഞ്ഞ വർഷത്തെ കർഫ്യൂവിലും ലോക്ഡൗണിലും തകർന്ന ബിസിനസ് പതിയെ പച്ചപിടിച്ചുവരുന്നതിനിടെയാണ് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതും വ്യാപാര നിയന്ത്രണങ്ങൾ ഉൾപ്പെടെ നടപടികൾ സ്വീകരിച്ചതും. ലക്ഷക്കണക്കിന് ആളുകൾ തൊഴിലെടുക്കുന്ന മേഖലകൂടിയാണ് ചെറുകിട വ്യാപാരം.
പ്രതിസന്ധി നീണ്ടാൽ ജോലിക്കാരെ ഒഴിവാക്കാൻ സ്ഥാപനങ്ങൾ നിർബന്ധിതരാകും.ഇതിനകം നിരവധി പേരെ വെട്ടിക്കുറച്ചിട്ടുണ്ട്. തുറന്നുവെക്കുന്ന സമയത്തുതന്നെ കച്ചവടം വളരെ കുറവാണ്. കുവൈത്തികൾ വാങ്ങുന്ന തരം ഉൽപന്നങ്ങളുടെ വിപണിക്ക് വലിയ ക്ഷതം സംഭവിച്ചിട്ടില്ല. സർക്കാർ മേഖലയിലെ സ്വദേശികൾക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്.പതിവുള്ള വിദേശ യാത്ര ഇത്തവണ ഇല്ലാത്തതിനാൽ കുവൈത്തികൾ മിച്ചം വരുന്ന പണത്തിൽ ഒരു പങ്ക് വിപണിയിൽ ഇറക്കുന്നുണ്ട്.
എന്നാൽ, വിദേശികളുടെ സ്ഥിതിയാണ് കഷ്ടം. വരുമാനം ഇടിഞ്ഞതിനൊപ്പം ജോലി സ്ഥിരത സംബന്ധിച്ച അനിശ്ചിതാവസ്ഥയും നിലനിൽക്കുന്നു. ദീർഘനാളായി നാട്ടിൽ പോകാൻ കഴിയാത്തതിെൻറ മാനസിക സംഘർഷം വേറെ.തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം കാരണമാണ് നാട്ടിൽ പോകാൻ ധൈര്യമില്ലാത്തത്. ഏപ്രിൽ 22 വരെയാണ് നിലവിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയാണ് കർഫ്യൂ പ്രാബല്യത്തിലുള്ളത്. ഏപ്രിൽ 22ന് കർഫ്യൂ അവസാനിക്കുമെന്ന് പറയാൻ കഴിയില്ല. അതിനിടക്ക് മന്ത്രിസഭ യോഗം ചേർന്ന് കർഫ്യൂ ദീർഘിപ്പിക്കാനാണ് സാധ്യത. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും ഇപ്പോഴും കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.