കുവൈത്ത് സിറ്റി: രാജ്യത്ത് കടുത്ത തണുപ്പ് തുടരും. ബുധനാഴ്ച മുതൽ തണുപ്പിന്റെ തീവ്രത വർധിക്കും. ഈ ദിവസങ്ങളിൽ കുറഞ്ഞ താപനില രണ്ടു ഡിഗ്രി സെൽഷ്യസിലേക്ക് വരെ എത്താമെന്ന് കാലാവസ്ഥവകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഉയർന്ന മർദ്ദസംവിധാനത്തിന്റെ വികാസത്തോടൊപ്പം തണുത്ത വായുപിണ്ഡം രാജ്യത്തെ ബാധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച നേരിയതോ മിതമായതോ ആയ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് പ്രതീക്ഷിക്കുന്നു. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത വർധിക്കും. തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും കടൽതിരമാലകൾ ഉയരാനും ഇത് ഇടയാക്കും.
ചൊവ്വാഴ്ച ഉയർന്ന താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് പ്രതീക്ഷിക്കുന്നു. എന്നാൽ കുറഞ്ഞ താപനില ഏഴു മുതൽ 10 ഡിഗ്രിവരെ എത്തും. ചില തീരദേശ മേഖലകളിൽ രാത്രിയിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
ബുധനാഴ്ച മുതൽ വെള്ളി വരെ പകലും രാത്രിയിലും തണുപ്പ് വർധിക്കും. വടക്കുപടിഞ്ഞാറൻ കാറ്റും തുടരും. ഇത് തണുപ്പിന്റെ തീവ്രത വർധിപ്പിക്കും. ഈ ദിവസങ്ങളിൽ താപനില ഗണ്യമായി കുറയും. പരമാവധി 14 മുതൽ 16 ഡിഗ്രി സെൽഷ്യസിന് ഇടയിലാകും. കുറഞ്ഞ താപനില രണ്ടു മുതൽ അഞ്ചു ഡിഗ്രിവരെയും എത്താം. മരുഭൂമി പ്രദേശങ്ങളിൽ തണുത്തുറഞ്ഞ താപനില അനുഭവപ്പെടാം.
കാർഷിക മേഖലകളിലും മരുഭൂമി മേഖലകളിലും മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. അതേസമയം, ഏതാനും ദിവസങ്ങളായി രാജ്യത്ത് കനത്ത തണുപ്പ് തുടരുകയാണ്. തിങ്കളാഴ്ച പകലും രാത്രിയും തണുപ്പ് ശക്തിപ്പെട്ടു. തണുപ്പിനൊപ്പം കാറ്റും സജീവമായത് കാഠിന്യം വർധിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.