കുവൈത്ത് സിറ്റി: കുവൈത്തിൽ താമസനിയമലംഘകരെ ലക്ഷ്യമിട്ടുള്ള സുരക്ഷ കാമ്പയിനിന്റെ ഭാഗമായി പരിശോധന തുടരുന്നു. ഫർവാനിയയിൽ മൂന്നാം ദിവസവും കർശന പരിശോധന നടന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഫർവാനിയ, അൽ അഹമ്മദി ഗവർണറേറ്റുകളിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയിരുന്നു. അഹമ്മദി ഗവർണറേറ്റ് പരിധിയിൽനിന്ന് 87 പേരും ഫർവാനിയ ഗവർണറേറ്റിൽനിന്ന് 36 പേരും ബുധനാഴ്ച പിടിയിലായി. ട്രാഫിക് ആൻഡ് ഓപറേഷൻസ്, പൊതുസുരക്ഷ വിഭാഗങ്ങൾ സംയുക്തമായി മഹ്ബൂല, ഖൈത്താൻ, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ മിന്നൽ പരിശോധന നടത്തി.
ഗതാഗത, ഓപറേഷൻ വിഭാഗം അണ്ടർ സെക്രട്ടറി ജമാൽ അൽ സായിഗ്, പൊതുസുരക്ഷ വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ റജീബ് എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. താമസരേഖകൾ ഇല്ലാത്തവർ, ഒളിച്ചോട്ടക്കേസുകളിൽ ഉൾപ്പെട്ടവർ, ഇഖാമ കാലാവധി അവസാനിച്ചവർ എന്നിവരെ സംഘം പിടികൂടി. പത്തു ദിവസത്തിലധികമായി തുടരുന്ന സുരക്ഷ കാമ്പയിനിൽ ഇതുവരെ നൂറുകണക്കിന് പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെ നിയമ നടപടികൾക്ക് ശേഷം നാടുകടത്തും.
രാജ്യത്തെ അനധികൃത താമസക്കാരെ മുഴുവൻ പിടികൂടി നാടുകടത്തുന്നത് വരെ പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം. പുറത്തിറങ്ങുമ്പോൾ തിരിച്ചറിയൽ രേഖകൾ കൈവശം വെക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണവുമായി സഹകരിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.