കുവൈത്ത് സിറ്റി: പൊതുജന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും റോഡ് അച്ചടക്കം ഉറപ്പാക്കുന്നതിനുമായി രാജ്യത്ത് സുരക്ഷ പരിശോധനകൾ തുടരുന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസ് ഖൈറാൻ മേഖലയിൽ വിപുലമായ സുരക്ഷ, ഗതാഗത പരിശോധന നടത്തി. പരിശോധനയിൽ 349 വ്യത്യസ്ത ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. 12 പിടികിട്ടാനുള്ള വാഹനവും ഒരു മോഷ്ടിച്ച വാഹനവും കണ്ടെത്തി. താമസാനുമതി കാലാവധി കഴിഞ്ഞ ആറ് നിയമലംഘകരെയും മറ്റു കേസുകളിൽ അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.
തൊഴിലുടമകളിൽനിന്ന് ഓടിപോന്ന ഒമ്പതുപേരും പിടിയിലായി. തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ ഏഴു പേരെ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട രണ്ടു കേസുകളും കണ്ടെത്തി.
എമർജൻസി പൊലീസിന്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹെംലാൻ ഹാദിരി അൽ ഹെംലാൻ പരിശോധനക്ക് നേതൃത്വം നൽകി. വിവിധ വകുപ്പുകളുടെ സജീവ പങ്കാളിത്തവും പരിശോധനയിൽ ഉണ്ടായി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, നിയമലംഘകരെ പിടികൂടുക, താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിശോധന.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പരിശോധനകൾ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.