ജോ​ർ​ജ് വാ​ഷി​ങ്ട​ൺ സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ സാ​ദ് അ​ൽ താ​മി സം​സാ​രി​ക്കു​ന്നു

പ്രചോദനം ഈ അതിജീവന കഥ; സാദ് അൽ താമി വിജയവഴിയിലെത്തിയത് എ.ഡി.എച്ച്.ഡിയും വിക്കും മറികടന്ന്

കുവൈത്ത് സിറ്റി: കുവൈത്ത് പൗരനായ സാദ് അൽ താമിക്ക് കുട്ടിക്കാലം മുതൽ എ.ഡി.എച്ച്.ഡി ലക്ഷണങ്ങളും വിക്കും ഉണ്ടായിരുന്നു. എന്നാൽ, ആത്മവിശ്വാസവും മിടുക്കും കൈമുതലാക്കി സാദ് അൽ താമി ഈ വെല്ലുവിളികളെയെല്ലാം മറികടന്നു. ഒടുക്കം ജോർജ് വാഷിങ്ടൺ യൂനിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്‌ത് നേട്ടങ്ങളുടെ കൊടുമുടിയിലെത്തി. അങ്ങനെ അനേകം പേർക്ക് പ്രചോദനമായ ജീവിതമായി മാറി.

സാദ് അൽ താമിയെ വിജയവഴിയിലേക്ക് തിരിച്ചുവിട്ടതിന്റെ മുഴുവൻ ക്രെഡിറ്റും മാതാപിതാക്കൾക്കും അധ്യാപകർക്കുമാണ്. സാധ്യമായ എല്ലാ വിഭവങ്ങളുമൊരുക്കി മറ്റുള്ളവരെപ്പോലെ പഠനം നേടാനുള്ള മനോവീര്യം അവർ അവന് നൽകി. സാദിന്റെ മാതാവ് സോഷ്യൽ ഇൻസ്ട്രക്ടറാണ്. പിതാവ് ദേശീയ അസംബ്ലി അംഗവും ആഭ്യന്തര, പ്രതിരോധ കാര്യങ്ങളുടെ പാർലമെന്ററി കമ്മിറ്റിയുടെ തലവനുമായിരുന്നു.

ചെറിയ ക്ലാസിൽതന്നെ സാദിന്റെ ഹൈപ്പർ ആക്ടിവിറ്റികൾ അധ്യാപകർ തിരിച്ചറിഞ്ഞിരുന്നു. ആദ്യം അതവർക്ക് പ്രയാസം തീർത്തെങ്കിലും നോറ അൽ മറൈഖി അൽ ഖഹ്താനി എന്ന അധ്യാപിക അവനെ സഹായിച്ചു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ സാദിനെ പങ്കാളിയാക്കി. അവരുടെ പിന്തുണയോടെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിൽ സാദ് വിജയിച്ചു. സ്കൂൾ റേഡിയോ സ്റ്റേഷനിലെ പ്രോഗ്രാമുകളിലും ടെലിവിഷൻ പ്രോഗ്രാമിലും അങ്ങനെ സാദ് പങ്കെടുത്തു.

ഇതിനിടെ പല ക്ലാസുകൾ പിന്നിട്ട് ഒഹായോയിലെ ടോളിഡോ യൂനിവേഴ്‌സിറ്റിയിലെത്തി. 2018ൽ പഠനത്തിനിടെയാണ് താൻ എ.ഡി.എച്ച്.ഡി ബാധിതനാണെന്ന് സാദ് തിരിച്ചറിഞ്ഞത്. രോഗത്തെ നേരിടാൻ തന്നെ സാദ് തീരുമാനിച്ചു. ആ പ്രയത്‌നങ്ങൾ ഫലം ചെയ്തു. മികവോടെ അഡ്മിനിസ്ട്രേറ്റിവ് സയൻസിൽ സാദ് ബി.എ ബിരുദം നേടി. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി ജോർജ് വാഷിങ്ടൺ സർവകലാശാലയിലെത്തി.

ഒടുവിൽ ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്ത് പുതിയ മാതൃകയായി. വ്യക്തമായ ലക്ഷ്യമുണ്ടെങ്കിൽ എല്ലാ തടസ്സങ്ങളും നീങ്ങിപ്പോകുമെന്നതിന്റെ ഉദാഹരണമായി യുവത ഇപ്പോൾ സാദ് അൽ താമിയെ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Sad Al Thami Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.