കുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് കർശന പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ആഴ്ച രാജ്യവ്യാപകമായി ജനറൽ ട്രാഫിക് വകുപ്പ് നടത്തിയ പരിശോധനയിൽ 31,718 ഗതാഗത നിയമലംഘന നോട്ടീസുകൾ നൽകി. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 65 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. ഇതോടെ 15 ദിവസത്തിനുള്ളിൽ പ്രോസിക്യൂഷന് റഫർ ചെയ്ത പ്രായപൂർത്തിയാകാത്തവരുടെ എണ്ണം 130 ആയി ഉയർന്നു. ലൈസൻസില്ലാത്ത മറ്റു 35 പേരെയും കസ്റ്റഡിയിലെടുത്തു.
വകുപ്പിന്റെ വാരിക സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്, ഈ പ്രചാരണങ്ങളുടെ ഫലമായി ഒമ്പത് വാഹനങ്ങൾ പരിശോധനയിൽ കണ്ടുകെട്ടി. പിടികിട്ടാനുള്ള 89 വാഹനങ്ങൾ പിടിച്ചെടുത്തു. വിവിധ കേസുകളിൽ ഉൾപ്പെട്ട 51 പേരെയും, കാലഹരണപ്പെട്ട റെസിഡൻസി പെർമിറ്റുകൾ കൈവശം വച്ചതിന് 171 പേരെയും, അസാധാരണമായ അവസ്ഥയിൽ കണ്ടെത്തിയ നാല് പേരെയും, നാല് തെരുവ് കച്ചവടക്കാരെയും അറസ്റ്റ് ചെയ്തു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വകുപ്പ് 1,189 വാഹനാപകടങ്ങൾ കൈകാര്യം ചെയ്തു. അപകടങ്ങളിൽ 158 പേർക്ക് പരിക്കേറ്റു. ഗതാഗത അച്ചടക്കം വളർത്തിയെടുക്കൽ, ലൈസൻസില്ലാതെ വാഹനമോടിക്കുന്നവരുടെ എണ്ണം കുറക്കൽ, റോഡ് ഉപയോക്താക്കളുടെയും വസ്തുക്കളുടെയും സുരക്ഷ ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് പുതിയ ഗതാഗത നിയമം നടപ്പിൽ വരുത്തിയതോടെ നിയമലംഘനങ്ങളിൽ ഗണ്യമായി രീതിയിൽ കുറവുവന്നിട്ടുണ്ട്.
ഇത് അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണത്തിലും കുറവുണ്ടാക്കി. കനത്ത പിഴയും ശിക്ഷയും അടങ്ങുന്നതാണ് പുതിയ നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.