കുവൈത്ത് സിറ്റി: സൈക്കിൾ സഞ്ചാരികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഗൾഫ് സ്ട്രീറ്റിലെ കുവൈത്ത് മോട്ടോർ ടൗൺ റേസ്ട്രാക്കിൽ ഇനി സൈക്കിൾ ഓടിക്കാം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൈക്ലിസ്റ്റുകൾക്കായി മോട്ടോർ ടൗൺ റേസ്ട്രാക്ക് വീണ്ടും തുറന്നു. രണ്ടു ദിവസങ്ങളിലും സൗജന്യമായി ഇവ ഉപയോഗപ്പെടുത്താം. വൈകീട്ട് നാലിനും എട്ടിനും ഇടയിലാണ് ഈ സൗകര്യം.
മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ആവശ്യമില്ല. സൈക്കിളുമായി നേരെ ട്രാക്കിൽ കയറാം. എന്നാൽ, ഹെൽമറ്റ് നിർബന്ധമാണ്. 5.6 കിലോമീറ്റർ നീളമുള്ള ട്രാക്കിൽ മൂന്ന് വ്യത്യസ്ത ഇനങ്ങൾ ഉണ്ട്. ഓരോന്നിനും വ്യത്യസ്ത ദൈർഘ്യമുണ്ട്. ഇതിൽ ട്രാക്കിന്റെ ഏത് ഭാഗത്താണ് സഞ്ചരിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാം. മോട്ടോർ റേസ്ട്രാക്ക് ആയതിനാൽ ഇവ ഒരേ നിരപ്പിലല്ല. ഇടക്ക് കയറ്റിറക്കങ്ങളുണ്ട്. ഇത് സൈക്കിൾ യാത്ര കൂടുതൽ രസകരമാക്കാൻ സഹായിക്കും.
തെരുവു ട്രാക്കുകളിൽനിന്ന് വ്യത്യസ്തമായി റേസ്ട്രാക്കിൽ സൈക്കിൾ ചവിട്ടുന്നതിന് ധാരാളം ഗുണങ്ങളുമുണ്ട്. ഇവിടെ കാൽനടയാത്രക്കാരെയോ ചെറുജീവികളേയോ പേടിക്കേണ്ടതില്ല. വഴിതെറ്റിയ പൂച്ചകളും പക്ഷികളും ശല്യപ്പെടുത്താനുണ്ടാകില്ല. ട്രാക്കിൽ സാധാരണയായി അത്രയധികം റൈഡർമാരും ഉണ്ടാകില്ല. വീതിയും നീളവുമുള്ള ട്രാക്കിൽ ധാരാളം ഇടമുള്ളതിനാൽ കൂട്ടിയിടിയും പേടിക്കേണ്ടതില്ല. ഹെഡ്ഫോണുകൾ വഴി സുന്ദരപാട്ടുകൾ കേട്ട് ഒരു ശല്യവുമില്ലാതെ ഇവിടെ സൈക്കിൾ യാത്ര തുടരാം. വൈകീട്ട് സൂര്യാസ്തമയ സമയത്തെ മനോഹരമായ ആകാശം ആസ്വദിക്കാം. ഇരുട്ടായാൽ ട്രാക്ക് ലൈറ്റുകൾക്ക് കീഴിൽ സവാരി തുടരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.