കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് രാജി സമർപ്പിക്കുന്നു

രാജി അമീർ അംഗീകരിച്ചു, പുതിയ മന്ത്രിസഭ ഉടൻ

കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സമർപ്പിച്ച രാജി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അംഗീകരിച്ചു. രാജി സ്വീകരിച്ച് ഞായറാഴ്ചയാണ് അമീർ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ, മന്ത്രിസഭയുടെ രാജിക്ക് ഔദ്യോഗിക അംഗീകാരമായി. അതേസമയം, അമീറിന്റെ നിർദേശ പ്രകാരം പുതിയ സർക്കാർ അധികാരത്തിൽ വരുന്നതുവരെ നിലവിലുള്ള മന്ത്രിസഭ ചുമതലയിൽ തുടരും. ദേശീയ അസംബ്ലി ഫലം പുറത്തുവന്നതിന് പിറകെ ശനിയാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിസഭ യോഗം ചേരുകയും രാജി സമർപ്പിക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ കണ്ടാണ് പ്രധാനമന്ത്രി രാജി സമർപ്പിച്ചത്. കൊട്ടാരത്തിലെത്തിയ പ്രധാനമന്ത്രിയെ കിരീടാവകാശി സ്വീകരിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആക്ടിങ് ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹും കിരീടാവകാശിയെ കാണാനെത്തി. കുവൈത്ത് ഭരണഘടന പ്രകാരം പൊതുതെരഞ്ഞെടുപ്പിന് ശേഷം സർക്കാർ രാജി വെക്കണം. ഈമാസം 11ന് ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. ഇതിനും അമീർ അംഗീകാരം നൽകി. ദേശീയ അസംബ്ലിയുടെ ആദ്യസമ്മേളനത്തിനുമുമ്പ് മന്ത്രിസഭ രൂപവത്കരിക്കണമെന്നു ചട്ടമുണ്ട്. ഫലം പ്രഖ്യാപിച്ച് രണ്ടാഴ്ചക്കുള്ളിൽ ഇവ നടക്കണം. അതിനാൽ ഈ ആഴ്ചതന്നെ പുതിയ മന്ത്രിസഭയുടെ കാര്യത്തിൽ വ്യക്തത ഉണ്ടാകും.

ശക്തമായ സർക്കാർ രൂപവത്കരിക്കാൻ എം.പിമാരുടെ ആഹ്വാനം

കുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പിന്റെ ഫലവും, രാഷ്ട്രീയ സ്ഥിരത ആഗ്രഹിക്കുന്ന കുവൈത്ത് വോട്ടർമാരുടെ താൽപര്യവും കണക്കിലെടുത്ത് ശക്തമായ സർക്കാർ രൂപവത്കരിക്കാൻ പുതിയ എം.പിമാർ ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പിൽ കുവൈത്ത് ജനത മുന്നോട്ടുവെച്ച മാറ്റം കാഴ്ചവെക്കാൻ പ്രാപ്തമായ മന്ത്രിസഭക്കും പ്രധാനമന്ത്രിക്കുമായി കാത്തിരിക്കുകയാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ എം.പി സൗദ് അൽ അസ്ഫൂർ പറഞ്ഞു. അതിനിടെ, അടുത്ത മന്ത്രിസഭയിൽ അംഗമാകുമെന്ന റിപ്പോർട്ട് പുതിയ വനിത എം.പിമാരിൽ ഒരാളായ ജെനാൻ ബൂഷഹ്‍രി തള്ളി. പരിഷ്‌കാരങ്ങൾക്കും അഴിമതി തടയുന്നതിനും കഴിവുള്ള ഒരു സംഘത്തെ മന്ത്രിമാരായി പ്രധാനമന്ത്രി തെരഞ്ഞെടുക്കുമെന്ന് മുൻ മന്ത്രികൂടിയായ ജെനാൻ ബുഷഹ്‍രി വ്യക്തമാക്കി.

അതേസമയം, 10 വർഷത്തെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇത്തവണ സഭയിലെത്തിയ അഹ്മദ് അൽ സദൂൻ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന് പിന്തുണയും വോട്ട് ചെയ്യുമെന്നും വ്യക്തമാക്കി നിരവധി എം.പിമാർ രംഗത്തുണ്ട്. പ്രതിപക്ഷ എം.പിമാരായ ഹസൻ ജൗഹറും മുബാറക് അൽ ഹജ്‌റഫും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. 11 ചേരുന്ന ദേശീയ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിൽ തന്നെ കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കും.

News Summary - Resignation accepted by Amir, new cabinet soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.