കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാപാരസമയ നിയന്ത്രണം ഇനിയും ലഘൂകരിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നത് തടയാൻ കഴിഞ്ഞതിെൻറയും വാക്സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിെൻറയും ആത്മവിശ്വാസത്തിലാണ് കുവൈത്ത് നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് ഒരു പടികൂടി അടുക്കാൻ ആലോചിക്കുന്നത്.
ഇപ്പോൾ രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ വ്യാപാര നിയന്ത്രണമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട അവശ്യസേവന വിഭാഗങ്ങൾക്ക് മാത്രമാണ് ഇളവുള്ളത്. രാത്രി എട്ടിനു പകരം പത്തുവരെ സമയം അനുവദിക്കുന്നതാണ് പരിഗണിക്കുന്നത്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽറായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിയന്ത്രണങ്ങൾ മൂലം വീർപ്പുമുട്ടി സാമ്പത്തിക പ്രതിസന്ധിയിലുള്ള വ്യാപാരമേഖലക്ക് ഇത് വലിയ ആശ്വാസമാകും.
രാത്രി എട്ടിനും പത്തിനുമിടക്ക് മുൻകാലങ്ങളിൽ നല്ല കച്ചവടം നടന്നിരുന്നു. ഇൗ സമയം കൂടി സ്ഥാപനങ്ങൾ തുറക്കാൻ കഴിയുന്നത് വ്യാപാരികൾക്ക് വലിയ ആശ്വാസമാകും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ ഭാഗിക കർഫ്യൂവും വ്യാപാര നിയന്ത്രണങ്ങളും കുവൈത്തിലെ വ്യാപാരികളെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരുന്നു. വരവും ചെലവും ഒത്തുപോകാതെ പ്രയാസപ്പെടുകയാണെന്ന് വ്യാപാരികൾ പറയുന്നു.
ആളുകൾ ജോലിക്കു പോയി വന്നതിനു ശേഷമാണ് പർച്ചേസിന് ഇറങ്ങുന്നത് പതിവ്. ഇൗ സമയത്താണ് വ്യാപാരനിയന്ത്രണം. സ്ഥാപനം തുറക്കുന്നതിനാൽ വാടക, ശമ്പള ചെലവുകൾ കൊടുക്കേണ്ടിവരുന്നു. എന്നാൽ, ഇതനുസരിച്ച് വരുമാനമില്ല. സ്വന്തം അധ്വാനത്തിന് ഒന്നും ലഭിക്കുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും ചെലവിന് വേറെ പണം കണ്ടെത്തേണ്ട അവസ്ഥയാണ്.
ചെറുകിട വ്യാപാരികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഏറക്കാലം താങ്ങി നിർത്താനുള്ള സാമ്പത്തികശേഷി ഇവർക്കില്ല. കർഫ്യൂവും കോവിഡ് പ്രതിസന്ധിയും അവസാനിച്ച് എല്ലാം സാധാരണ നിലയിലാകും എന്ന പ്രതീക്ഷയിൽ ആണ് പലരും സ്ഥാപനം പൂട്ടാതെ പിടിച്ചുനിൽക്കുന്നത്.
നിരവധി സ്ഥാപനങ്ങൾക്ക് ഇതിനകം താഴു വീണു. കഴിഞ്ഞവർഷത്തെ കർഫ്യൂവിലും ലോക്ഡൗണിലും തകർന്ന ബിസിനസ് പതിയെ പച്ചപിടിച്ചുവരുന്നതിനിടെയാണ് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതും വ്യാപാര നിയന്ത്രണങ്ങൾ ഉൾപ്പെടെ നടപടികൾ സ്വീകരിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.