കുവൈത്ത് സിറ്റി: കുവൈത്ത് സൗദി അതിർത്തിപ്രദേശമായ നുവൈസീബിൽ സ്വതന്ത്ര വ്യാപാരമേഖല സ്ഥാപിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി കുവൈത്ത്. വിദേശകാര്യമന്ത്രാലയം മുഖേന സൗദി അധികൃതരുമായി ഇതിനുള്ള ചർച്ചകൾ ആരംഭിച്ചതായി അൽറായി പത്രം റിപ്പോർട്ട് ചെയ്തു.
വിദേശനിക്ഷേപം വഴി വരുമാനമാർഗങ്ങൾ വൈവിധ്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നുവൈസീബിൽ സ്വതന്ത്ര വ്യാപാരമേഖല സ്ഥാപിക്കാനുള്ള കുവൈത്തിന്റെ നീക്കം.
ചൈനീസ് കൊറിയൻ കമ്പനികൾ നിക്ഷേപതാൽപര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കുവൈത്ത് ഇതുസംബന്ധിച്ച ശ്രമങ്ങൾ സജീവമാക്കിയത്. കുവൈത്തും സൗദിയും അതിർത്തിപങ്കിടുന്ന നുവൈസീബിലാണ് നിർദിഷ്ട ഫ്രീസോൺ.
പദ്ധതിയുടെ നടത്തിപ്പ് ഏകോപിപ്പിക്കാനായി വിദേശകാര്യമന്ത്രാലയം മുഖേന സൗദി, കുവൈത്ത് ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. നുവൈസീബ് ഫ്രീസോൺ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഏകദേശം ആറ് വർഷംകൊണ്ട് പൂർത്തിയാകുന്നതരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിയമം അനുശാസിക്കുന്ന രീതിയിൽ ഫ്രീസോണുകൾ താൽക്കാലികമായി കൈകാര്യം ചെയ്യാൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ അതോറിറ്റിയെ ഏൽപിച്ചിട്ടുണ്ട്.
നുവൈസീബ് ഫ്രീ സോൺ പ്രോജക്ടിനായുള്ള സാമ്പത്തിക സാങ്കേതിക സാധ്യതാപഠനം അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്. ഫ്രീസോണിനോട് ചേർന്ന് നിർമിക്കുന്ന റെയിൽപാത കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ടുകളിൽ ഒന്നായി ഈ പദ്ധതിയെ മാറ്റുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇറാഖ് കുവൈത്ത് അതിർത്തിയിലും സംയുക്ത ഫ്രീ ട്രേഡ് സോൺ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.