കുവൈത്ത് സിറ്റി: കുവൈത്ത് യാത്രക്കാർക്ക് ആശ്വാസം. ഇടവേളക്കു ശേഷം കുവൈത്തിൽ വിദേശ വിമാനങ്ങൾ തിരിച്ചെത്തുന്നു. അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ നാലിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവിസുകൾ പുനരാരംഭിക്കുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇറാൻ ആക്രമണത്തെ തുടർന്ന് ടെർമിനൽ ഒന്ന് അടച്ചിട്ടതോടെ നിലച്ച വിദേശ വിമാനങ്ങളുടെ സർവിസ് ഇതോടെ പുനരാരംഭിക്കും.
ആദ്യ ഘട്ടത്തിൽ ഗൾഫ്, അറബ്, വിദേശ വിമാനക്കമ്പനികളുടെ പരിമിതമായ സർവിസുകളാണ് ആരംഭിക്കുക. വിമാന ഷെഡ്യൂളുകൾ നിർണ്ണയിക്കുന്നതിന് വിവിധ വിമാനക്കമ്പനികളുമായി ഏകോപനം നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത ആഴ്ചയോടെ കേരളത്തിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് അടക്കം സർവിസ് പുനരാരംഭിക്കുമെന്നാണ് സൂചന.
കുവൈത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പൗരന്മാർക്കും പ്രവാസികൾക്കും മികച്ച ഓപ്ഷനുകൾ നൽകുകയും യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്തുമാണ് നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി. യാത്രക്കാർ വിമാനങ്ങളുടെ അപ്‌ഡേറ്റുകൾ ശ്രദ്ധിക്കണമെന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ബന്ധപ്പെട്ട എയർലൈനുകളുമായി ആശയവിനിമയം നടത്തണമെന്നും അതോറിറ്റി ഉണർത്തി.
വിദേശ വിമാനങ്ങൾ സർവിസ് നടത്തുന്ന കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന് ഇറാൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനാൽ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ കുവൈത്ത് എയർവേസും ജസീറയും മാത്രമാണ് നിലവിൽ കുവൈത്തിൽ നിന്ന് സർവിസ് നടത്തുന്നത്. കുവൈത്ത് എയർവേസ് സർവിസ് നടത്തുന്ന ടെർമിനൽ നാലിൽ നിന്ന് വിദേശ വിമാനങ്ങൾ സർവിസ് ആരംഭിക്കുന്നത് യാത്രക്കാർക്ക് ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.