കാര്യമായ രാഷ്ട്രീയ ബോധമോ രാഷ്ട്രചിന്തയോ ഇല്ലെന്നും ചുറ്റുപാടും എന്താണ് നടക്കുന്നതെന്ന് പോലും അറിയാതെ, സോഷ്യൽ മീഡിയയിൽ സമയം കളയുന്നവരാണെന്നും പഴികേട്ടവരാണ് ജെൻസി തലമുറ. എന്നാൽ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ തികച്ചും പ്രസക്തമായ ഒരു പ്രതിരോധ റോൾ ആണ് ഇപ്പോൾ അവർ വഹിക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലങ്ങളായി രാജ്യം കണ്ടുവരുന്ന പ്രതിഷേധങ്ങളിൽ ഈ പുതിയ തലമുറയുടെ ശക്തമായ സാന്നിധ്യം വ്യക്തമായി കണ്ടുകൊണ്ടിരിക്കുകയാണ്.
ഭരണകൂടങ്ങളോട് ചോദ്യങ്ങൾ ചോദിക്കാൻ മടിക്കാത്ത ഒരു പുതിയ തലമുറയുടെ പ്രതിരോധത്തിന്റെ കൂടി പേരാണ് ജെൻസി എന്ന് വിളിക്കപ്പെടുന്ന യുവാക്കൾ. വിരട്ടലുകൾക്കും അടിച്ചമർത്തലുകൾക്കും മുന്നിൽ നിശ്ശബ്ദരാകാതെ സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ഒരു പുതിയ പോരാട്ട വീര്യമാണ് ഡിജിറ്റൽ യുഗത്തിൽ നാം കാണുന്നത്. പഴയ കാലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ സമരമുറകളും കാഴ്ചപ്പാടുകളും കൊണ്ട് ഇവർ വേറിട്ടുനിൽക്കുന്നു.
സോഷ്യൽ മീഡിയ വഴി തങ്ങളുടെ സന്ദേശങ്ങൾ ലക്ഷക്കണക്കിന് ആളുകളിലേക്ക് നിമിഷങ്ങൾക്കകം എത്തിക്കാൻ ഇവർക്ക് സാധിക്കുന്നു. ഒരു പോസ്റ്ററിലൂടെയോ ചെറിയ റീലിലൂടെയോ സങ്കീർണ്ണമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെയും ഭരണകൂട നിലപാടുകളെയും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ഇവർക്ക് കഴിയുന്നുണ്ട്.
തൊഴിലില്ലായ്മ, ഉന്നതവിദ്യാഭ്യാസ രംഗത്തെ അഴിമതി, പരിസ്ഥിതി നാശം, തുടങ്ങി മർമ പ്രധാനമായ വിഷയങ്ങളിലെ അനീതി തുറന്നുകാട്ടുന്നു.
ഭരണകൂടം നൽകുന്ന വ്യാജ കണക്കുകളെയും പൊള്ളയായ വാഗ്ദാനങ്ങളെയും അന്ധമായി വിശ്വസിക്കാതെ കൃത്യമായ തെളിവുകളും വിവരങ്ങളും അടിസ്ഥാനമാക്കി ചോദ്യം ചെയ്യുന്നു. ഡൽഹിയിൽ നിന്ന് രാജ്യം മുഴുവൻ പടർന്നുപിടിച്ച പ്രക്ഷോഭങ്ങളിൽ അത് തെളിയിക്കുകയുണ്ടായി.
രാജ്യത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡിജിറ്റൽ ഇടങ്ങളിലും തെരുവുകളിലും ഒരേപോലെ പടപൊരുതിയത് ഈ യുവതലമുറയാണ്. ലാത്തിചാർജ്ജ് കൊണ്ടോ അടിച്ചമർത്തലുകൾ കൊണ്ടോ ഇവരുടെ പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ ഭരണകൂടത്തിന് സാധിച്ചില്ല.വർദ്ധിത വീര്യത്തോടെ പൊരുതിയ ഫലമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വരെ രാജി വെക്കേണ്ട സാഹചര്യമുണ്ടായി. ഇനിയും അലസയുവത എന്ന് ഇവരെ വിളിക്കരുത്. ചിറകുകളിൽ തീയുള്ള തലമുറയാണ് ജെൻസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.