കുവൈത്ത് സിറ്റി: ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തിൽ ഖത്തറിനൊപ്പം ഉറച്ച നിലപാടുമായി കുവൈത്ത്. ആക്രമണത്തിനു പിറകെ ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ച കുവൈത്ത്, ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.ഇസ്രായേൽ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഗുരുതരമായ ഭീഷണിയുമാണെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി.
സുരക്ഷ, സ്ഥിരത, പരമാധികാരം, പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പിന്തുണയും അറിയിച്ചു. ആക്രമണത്തെ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ശക്തമായി അപലപിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച അമീർ പിന്തുണ അറിയിച്ചു. ഖത്തറിന്റെയും കുവൈത്തിന്റെയും സുരക്ഷയും സ്ഥിരതയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അമീർ പറഞ്ഞു.
ആക്രമണത്തിൽ ഖത്തർ സുരക്ഷ സേനാംഗങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടതിൽ കുവൈത്ത് അനുശോചനവും സഹതാപവും പ്രകടിപ്പിച്ചു. മരിച്ചയാളുടെ കുടുംബത്തിന് ആത്മാർഥമായ അനുശോചനം അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.ഖത്തർ തലസ്ഥാനമായ ദോഹയിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഹമാസിന്റെ നേതാക്കൾ താമസിക്കുന്ന റസിഡൻഷ്യൽ ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയത്. രാജ്യത്തെ പ്രധാന ടൂറിസ്റ്റ് ഇടങ്ങളിലൊന്നായ കതാറ കൾചറൽ വില്ലേജിനു സമീപത്തായാണ് ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.