കുവൈത്ത് സിറ്റി: തൊഴിലുടമകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾ, വിസ നിയമലംഘനങ്ങൾ, വ്യാജ ഒളിച്ചോട്ട പരാതികൾ എന്നിവയിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനായി രാജ്യത്തെ തൊഴിൽ മാറ്റ നിയമങ്ങളിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു.
പുതിയ ഭേദഗതികൾ അനുസരിച്ച് ചില പ്രത്യേക സാഹചര്യങ്ങളിൽ, ഒരു തൊഴിലുടമയുടെ കീഴിൽ നിർബന്ധമായും പൂർത്തിയാക്കേണ്ട ഒരു വർഷത്തെ കാലാവധിക്ക് മുമ്പ് തന്നെ തൊഴിലാളികൾക്ക് മറ്റ് തൊഴിലുടമകളുടെ കീഴിലേക്ക് വിസ മാറ്റാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അനുമതി നൽകും.
തൊഴിലാളിയുടെ ഭാഗത്ത് തെറ്റില്ലാതിരിക്കുക, തൊഴിലുടമയുടെ വീഴ്ചയോ അനാസ്ഥയോ കാരണം വർക്ക് പെർമിറ്റോ വിസയോ ലഭിക്കാതിരിക്കുക, അനുബന്ധ നടപടികൾ പൂർത്തിയാക്കാൻ കഴിയാതിരിക്കുക, തൊഴിലുടമയുടെ ഫയൽ സസ്പെന്റ് ചെയ്യുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നത് മൂലം വിസ നടപടികൾ പൂർത്തിയാക്കാൻ കഴിയാതിരിക്കുക എന്നീ സാഹചര്യങ്ങളിൽ തൊഴിലാളിക്ക് പുതിയ നിയമം ഉപയോഗപ്പെടുത്താം. ഇത്തരം കേസുകൾ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പരിശോധിച്ച് നടപടി സ്വീകരിക്കും.
തൊഴിലാളിയുടെ അവകാശ നിഷേധിക്കൽ, വിസ മാറ്റം തടയൽ എന്നിവക്കായി തൊഴിലുടമ വ്യാജ ഒളിച്ചോട്ട പരാതിയോ ജോലി അവസാനിപ്പിച്ചതായുള്ള റിപ്പോർട്ടോ നൽകുക, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി തെളിയുക എന്നീ സാഹചര്യങ്ങളിലും പരാതി പരിശോധിക്കാൻ മാൻപവറിന് അധികാരമുണ്ടാകും.
തൊഴിലാളികൾക്ക് വർക്ക് പെർമിറ്റോ വിസയോ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വൈകിപ്പിക്കുകയോ വിസമ്മതിക്കുകയോ ചെയ്യുന്ന സ്പോൺസർമാരെ വീഴ്ച വരുത്തിയ തൊഴിലുടമകളായി കണക്കാക്കും. ഇത്തർക്കാർക്ക് പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നത് തടയുക, പുതിയ റിക്രൂട്ട്‌മെന്റുകൾ താൽക്കാലികമായി നിർത്തിവെക്കുക തുടങ്ങിയ നടപടികൾ നേരിടേണ്ടിവരും.
രാജ്യത്തെ തൊഴിൽ സംരക്ഷണം ശക്തമാക്കൽ, വിസ തട്ടിപ്പുകൾ തടയൽ, തൊഴിലുടമകളുടെ അനാസ്ഥ കാരണം തൊഴിലാളികൾ ദുരിതത്തിലാകുന്നത് ഒഴിവാക്കൽ എന്നിവക്ക് പുതിയ ഭേദഗതികൾ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.