മദ്യം നിർമിച്ചു വിൽപന; പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: പ്രാദേശികമായി മദ്യം നിർമ്മിച്ച് വിൽപന നടത്തിവന്ന പ്രവാസി പിടിയിൽ. 48 കുപ്പി മദ്യം കണ്ടെടുത്തു. വീട്ടിൽ മദ്യം നിർമ്മിച്ചു വലിയ തുകക്ക് വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ. ക്യാപിറ്റൽ സുരക്ഷാ ഡയറക്ടറേറ്റിന്റെ പട്രോൾ വിഭാഗം ഉദ്യോഗസ്ഥർ ബ്നൈദ് അൽ ഖാറിൽ വെച്ചാണ് എഷ്യൻ പ്രവാസിയെ പിടികൂടിയത്.

വാഹനം ഓടിക്കുമ്പോൾ പരിഭ്രാന്തനായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസഥർ ഇയാളെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തായത്. വാഹനം ഒതുക്കിനിർത്താൻ നിർദ്ദേശിച്ചപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. വാഹനത്തിൽ നടത്തിയ പരിശോധനയിൽ പ്രാദേശികമായി നിർമ്മിച്ച 48 കുപ്പി മദ്യം കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ, വീട്ടിൽ വെച്ചാണ് മദ്യം നിർമ്മിച്ചിരുന്നതെന്നും ഓരോ കുപ്പിയും 10 ദീനാർ നിരക്കിൽ ഉപഭോക്താക്കൾക്ക് വിറ്റിരുന്നതായും പ്രതി സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.

തുടരന്വേഷണത്തിനും നിയമനടപടികൾക്കുമായി പ്രതിയെ ലഹരിമരുന്ന് നിയന്ത്രണ വിഭാഗത്തിലേക്ക് കൈമാറി. കഴിഞ്ഞ വർഷം പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ച് നിരവധി പേർ മരിച്ചിരുന്നു. തുടർന്ന് പരിശോധനകൾ ശക്തമാക്കിയതോടെ നിരവധി പേർ അറസ്റ്റിലായിരുന്നു. രാജ്യത്ത് എല്ലാരൂപത്തിലുള്ള ലഹരി വസ്തുക്കൾക്കും പൂർണ നിരോധനമുണ്ട്.

Tags:    
News Summary - Liquor manufacturing and sale; NRI arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.