കുവൈത്ത് സിറ്റി: കുവൈത്തിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ മൂന്ന് പുതിയ അപേക്ഷാ കേന്ദ്രങ്ങൾ വഴി ലഭ്യമായി തുടങ്ങിയതായി ഇന്ത്യൻ എംബസി അറിയിച്ചു. പുതുതായി കറാർ ഏറ്റെടുത്ത ഡു ഡിജിറ്റൽ ഗ്ലോബൽ വഴിയാണ് സേവനങ്ങൾ. കുവൈത്ത് സിറ്റി ബ്ലോക്ക് 11ലെ സാലിം അൽ മുബാറക് സ്ട്രീറ്റ്, ഫഹാഹീൽ സമ മാൾ, ദജീജിലെ വാഹ മാൾ എന്നിവിടങ്ങളിലെ സെന്ററുകളിൽ സേവനങ്ങൾ ലഭ്യമാണ്. മൂന്ന് കേന്ദ്രങ്ങളും ദിവസവും രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെ പ്രവർത്തിക്കും. നേരിട്ടെത്തിയും മുൻകൂട്ടി ഓൺലൈനായി അപ്പോയിന്റ്മെന്റ് എടുത്തും സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഓൺലൈനായി അപ്പോയിൻ്റ്‌മെൻ്റ് എടുക്കുന്നവർ, ആവശ്യമുള്ള സേവനത്തിൻ്റെ ശരിയായ വിഭാഗം തെരഞ്ഞെടുക്കണം.
കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി ഇന്ത്യൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസിന് പുറമെ, ഓരോ അപേക്ഷക്കും 'ഡു ഡിജിറ്റൽ ഗ്ലോബൽ' ആറു ദിനാർ സേവന ഫീസ് ഈടാക്കുമെന്ന് എംബസി അറിയിച്ചു. ഫോം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫുകൾ, രേഖകൾ ടൈപ്പ് ചെയ്യൽ, ആഭ്യന്തര കൊറിയർ സേവനങ്ങൾ, പ്രിന്റൗട്ടുകൾ, ഫോട്ടോകോപ്പികൾ എന്നിവയുൾപ്പെടെയുള്ള അധിക സൗകര്യങ്ങൾ സേവന നിരക്കിൽ ഉൾപ്പെടും. പ്രത്യേക കേന്ദ്രങ്ങളിൽ സേവനകേന്ദ്രങ്ങൾ ആരംഭിച്ചതോടെ ഇന്ത്യൻ എംബസിയിൽ നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തി. കുവൈത്തിൽ കോൺസുലാർ സേവനങ്ങളുടെ കരാർ ഈ മാസം ഒന്നു മുതൽ ഡു ഡിജിറ്റൽ ഗ്ലോബലിന് കൈമാറിയിരുന്നു. എന്നാൽ ടെൻഡർ നടപടിയിൽ അയോഗ്യരാക്കപ്പെട്ടവർ സമർപ്പിച്ച ഹർജിയിൽ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. തുടർന്ന് എംബസിയായിരുന്നു നേരിട്ട് ഇവ കൈകാര്യം ചെയ്തിരുന്നത്.
എന്നാൽ, കുവൈത്ത് ഉൾപ്പെടെ നാല് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലർ സേവനങ്ങൾ നൽകാൻ താത്കാലികമായി കരാർ കമ്പനികളെ ചുമതലപ്പെടുത്താൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി അനുമതി നൽകി. കരാർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി തള്ളിയെങ്കിലും, പ്രവാസികളുടെ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സുപ്രീം കോടതി താത്കാലിക ക്രമീകരണങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.