വില നിയന്ത്രണം: വാണിജ്യമന്ത്രാലയം പിന്മാറാനൊരുങ്ങുന്നു

കുവൈത്ത് സിറ്റി: ഉൽപന്നങ്ങളുടെ വിലനിയന്ത്രണത്തിൽനിന്ന് വാണിജ്യമന്ത്രാലയം പിന്മാറാൻ ഒരുങ്ങുന്നു. ആഗോളതലത്തിലെ വിലക്കയറ്റ സാഹചര്യം സംബന്ധിച്ച് വിവിധ കമ്പനി പ്രതിനിധികൾ വാണിജ്യമന്ത്രി ഫഹദ് അൽ ശരീആനുമായി ചർച്ച നടത്തി. മന്ത്രാലയത്തിന്‍റെ വിലനിയന്ത്രണ ഫലമായി നിലനിൽപ് പ്രതിസന്ധിയിലാണെന്നും കുവൈത്ത് വിപണിയിൽ ആവശ്യത്തിന് ഭക്ഷ്യവിതരണം ഉറപ്പാക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും കമ്പനികൾ ബോധ്യപ്പെടുത്തി.

20 ശതമാനം വരെ വിലവ്യത്യാസം കാരണം നിരവധി ഭക്ഷ്യ കയറ്റുമതികൾ അടുത്തിടെ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പുനഃക്രമീകരിച്ചിരുന്നു. പെരുന്നാൾ അവധിക്കുശേഷം മന്ത്രാലയം വിലനിയന്ത്രണ നടപടികൾ പിൻവലിക്കുമെന്നാണ് റിപ്പോർട്ട്. നിരവധി ഉൽപന്നങ്ങളുടെ വില കുത്തനെ വർധിക്കാൻ ഇത് വഴിയൊരുക്കും. നിലവിൽ വിവിധ ഉൽപന്നങ്ങളുടെ പരമാവധി വില മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്.

റഷ്യ, യുക്രെയ്ൻ യുദ്ധവും പണപ്പെരുപ്പവും അടക്കം ആഗോളസാഹചര്യങ്ങൾ ഉൽപാദനച്ചെലവും ചരക്കുനീക്ക ചെലവും വർധിപ്പിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും വില വർധിച്ചു.

ന്യായമായ വില ലഭിക്കേണ്ടത് വ്യാപാരികളുടെയും ഉൽപാദകരുടെയും നിലനിൽപിന്‍റെ പ്രശ്നമാണ്. അസംസ്കൃത വസ്തുക്കളുടെ വിലവർധനവും ചെലവ് വർധിച്ചതും കമ്പനികളുടെ ലാഭം കുറച്ചിട്ടുണ്ട്.

സാധനവില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന അവസ്ഥയാണ് പല കമ്പനികൾക്കും.

വിപണിയിലെ മത്സരവും സർക്കാറിന്‍റെ വിലനിയന്ത്രണവും കാരണം വില വർധിപ്പിക്കാൻ കഴിയാതെ സമ്മർദം നേരിടുന്നു. തങ്ങൾക്ക് കിട്ടുന്ന വിലക്ക് ആനുപാതികമായി ഉപഭോക്താക്കളുടെ മേൽ വിലവർധന അടിച്ചേൽപിച്ചിട്ടില്ലെന്നും ലാഭം കുറച്ചും ചില സന്ദർഭങ്ങളിൽ നഷ്ടം സഹിച്ചുമാണ് ഇപ്പോഴത്തെ വിലയിൽതന്നെ നൽകുന്നതെന്നുമാണ് വ്യാപാരികൾ പറയുന്നത്.

സർക്കാറിന്‍റെ വിലനിയന്ത്രണമുള്ള ഉൽപന്നങ്ങൾക്കും അസംസ്കൃത വസ്തുക്കൾക്കും വില കൂടിയിട്ടുണ്ട്. നിരവധി ഭക്ഷ്യ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ അനുമതിതേടി കമ്പനികൾ വാണിജ്യമന്ത്രാലയത്തിന് അപേക്ഷ നൽകിയെങ്കിലും നേരത്തെ പരിഗണിക്കപ്പെട്ടിരുന്നില്ല.

Tags:    
News Summary - Price control: Ministry of Commerce prepares to withdraw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.